കേരളം വിശ്വസിക്കുന്നത് ലാളിത്യത്തിൽ; രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

single-img
24 September 2022

തൃശൂരിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളം മുന്നോട്ട് വയ്ക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണെന്നും വിശ്വസിക്കുന്നത് ലാളിത്യത്തിലാണ്, ക്രോധത്തിലല്ല എന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ നമ്മുടെ രാജ്യം ഭരിക്കുന്നത് വിഭജനം മുന്നോട്ടു വയ്ക്കുന്ന സർക്കാരാണെന്ന് രാഹുൽ ആരോപിച്ചു. ബിജെപി ഇവിടെ വെറുപ്പിന്റെ രാഷ്ട്രീയം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ്. വിദ്വേഷത്തിന്റെ ഇന്ത്യയും കേരളവുമല്ല കോൺഗ്രസിന്റെ മനസ്സിലുള്ളതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കേവലം അഞ്ചോ ആറോ വരുന്ന ശത കോടീശ്വരന്മാർക്ക് വേണ്ടിയാണ് രാജ്യത്ത് ഇന്ന് ഭരണം നടക്കുന്നത്. അവർ വിചാരിച്ചാൽ എന്തും ചെയ്യാമെന്ന സ്ഥിതി ആയിരിക്കുന്നു. ജനങ്ങളുടെ പണം കവർന്ന് സഹസ്ര കോടീശ്വരന്മാർക്ക് നൽകുന്നു. പ്രധാനമന്ത്രി മോദി ഇന്ന് പാചക വാതക, ഇന്ധന വിലയെ കുറിച്ച് പറയുന്നില്ല. പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റിൽ നിന്നും ചോരുന്ന പണം ചെല്ലുന്നത് രണ്ടുമൂന്ന് കോർപ്പററ്റുകളുടെ പക്കലേക്കാണ്. സാധാരണക്കാർക്കായി കേന്ദ്ര സർക്കാർ ബാക്കിവച്ചത് ജിഎസ്‍ടി, നോട്ട് നിരോധനം പോലെയുള്ളവയാണ്.

കോൺഗ്രസ്‌ ഭരിച്ചപ്പോൾ 75 വർഷം കൊണ്ട് എന്ത് ചെയ്തു എന്നാണ് മോദി ചോദിക്കുന്നത്. കഴിഞ്ഞ എട്ടു വർഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിൽ ഇല്ലായ്മയും, വിലക്കയറ്റവും കോൺഗ്രസ്‌ ഉണ്ടാക്കിയിട്ടില്ല എന്നതാണ് അതിനുള്ള മറുപടിയെന്നും രാഹുൽ ഗാന്ധി പറ‌ഞ്ഞു.