നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിലെ കർശന നടപടി: മുഖ്യമന്ത്രിയ്ക്ക് പിന്തുണയറിയിച്ച് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്‌സ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍

single-img
20 July 2024

നിരോധിത പ്ലാസ്റ്റിക്ക് ക്യാരിബാ​ഗുകളുടെയും ഉല്പന്നങ്ങളുടെയും വില്പനയും ഉപയോഗവും തടയുന്നതിനായി കർശനനടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്‌സ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ (Kerala Biodegradable Paper Manufacturers Association -KBPPMA). മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് പിന്നാലെ വ്യാഴാഴ്ച ചേർന്ന അടിയന്തര യോഗത്തിലാണ് അസോസിയേഷൻ സർക്കാരിന് പിന്തുണയറിയിച്ചത്. നിരോധിത ഉല്പന്നങ്ങൾ എത്തുന്നത് തടയുന്നതിനായി ശക്തമായ നടപടികൾ എടുക്കുന്നതിനായി എല്ലാവിധ സഹകരണവും സർക്കാരിന് ഉറപ്പ് നൽകുമെന്ന് അസോസിയേഷൻ പ്രഖ്യാപിച്ചു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് ബദലായി ജൈവനശീകരണത്തിലൂടെ മണ്ണിലലിഞ്ഞ് ചേരുന്നതരം പേപ്പര്‍ ഉല്പന്നങ്ങള്‍ നിര്‍മിക്കുന്ന ഉത്പാദകരുടെ കൂട്ടായ്മയാണ് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്‌സ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍. KBPPMAയുടെ ഭാഗമായി സംസ്ഥാനത്ത് ആയിരത്തോളം ഉത്പാദനയൂണിറ്റുകളാണ് എംഎസ്എംഇ മേഖലയിൽ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന പരിസ്ഥിതി വകുപ്പ് 2020-ൽ പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Ms)No.2/2020/ENVT) ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയത്. ഈ നിരോധനത്തെത്തുടർന്നായിരുന്നു പേപ്പർ നിർമാണ വ്യവസായികളുടെ നേതൃത്വത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്നതും, മണ്ണിൽ അലിഞ്ഞു ചേരുന്നതുമായ പേപ്പർ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന് കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡുകളുടെ അനുമതികൾ നേടിക്കൊണ്ട് ഒരു  പുതിയ വ്യവസായസംരംഭത്തിന് നമ്മുടെ നാട്ടിൽ തുടക്കം കുറിച്ചത്. ഈ സംരംഭം ബഹു. വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്, ബഹു. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനം ചെയ്തത്. തികച്ചും പ്രകൃതി സൗഹൃദവും, പ്ലാസ്‌റ്റിക് മുക്തവുമായ ഇത്തരം ഉല്പന്നങ്ങൾ കൊണ്ട് നിർമിക്കുന്ന പേപ്പർപ്ലേറ്റുകൾ, കപ്പുകൾ, ഇലകൾ, ബേക്കറി ബോക്സു‌കൾ തുടങ്ങിയ ഉല്പന്നങ്ങൾ ഉപയോഗശേഷം മണ്ണിൽ ലയിച്ചു ചേരുന്ന തരത്തിലുള്ളവയാണ്.

അതേസമയം, നിരോധിത പ്ലാസ്‌റ്റിക്‌ കോട്ടിങ് ഉള്ള പേപ്പർ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ,സിൽവർ പ്ലാസ്‌റ്റിക്‌ കോട്ടിങ് ഉള്ള പ്ലേറ്റുകൾ കേക്ക് ബോക്‌സുകൾ, പേപ്പർ ഇലകൾ തുടങ്ങിയവ നികുതിവെട്ടിച്ച് അനധികൃതമായി അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുകയും വില്പന നടത്തുകയും ചെയ്യുന്നതായി പരാതിയുണ്ട്. നിയന്ത്രണമില്ലാതെ എല്ലാ മേഖലകളിൽ നിന്നും വരുന്ന പ്ലാസ്‌റ്റിക് ഉല്പന്നങ്ങളുടെ ഹബ്ബായി നമ്മുടെ നാട് മാറിയിരിക്കുകയാണ്. അമിതലാഭം പ്രതീക്ഷിച്ചു കൊണ്ട് നിയമങ്ങൾ കാറ്റിൽ പറത്തി വ്യാപാരികൾ ഈ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതുമൂലം നാടിൻ്റെ പരിസ്ഥിതിയും ജനങ്ങളുടെ ആരോഗ്യവും നശിക്കുകയാണെന്ന് കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്‌സ് മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ യോഗം വിലയിരുത്തി.

വിവാഹം പോലെയുള്ള ആഘോഷപരിപാടികളിൽ, കഴുകിയ ശേഷം വീണ്ടും ഉപയോഗിക്കുന്ന സെറാമിക്/സ്റ്റീൽ/ഗ്ലാസ് പാത്രങ്ങൾ, കപ്പുകൾ, എന്നിവ ശരിയായ രീതിയിൽ വൃത്തിയാക്കുന്നതിൽ പലപ്പോഴും വീഴ്ചകൾ സംഭവിക്കാറുണ്ട്. പകർച്ചവ്യാധികൾ തുടരെത്തുടരെ നമ്മുടെ സമൂഹത്തെ കടന്നാക്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് ഇത് വലിയ ഒരു കാരണമായി മാറുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.

ഇത്തരം അവസരങ്ങളിൽ ബയോ ഡീഗ്രേഡബിൾ കോട്ടിങ്ങ് ഉള്ള പാത്രങ്ങളും കപ്പുകളും ഉപയോഗിക്കുന്നത് വൃത്തിയുള്ള ആഹാരം ലഭ്യമാക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായകരമാണ്. ചൂട് ആഹാരസാധനങ്ങൾ വിളമ്പിയാലും ആരോഗ്യത്തെ ബാധിക്കാത്ത തരത്തിൽ സുരക്ഷിതമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവയിൽ കോട്ടിങ്ങ് ചെയ്യുന്നത്. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സൃഷ്ടിക്കുന്ന മാലിന്യക്കൂമ്പാരങ്ങളിൽ നിന്നും പൂർണമായും വേറിട്ട് നിൽക്കുന്നതാണ് ഈ ഉല്പന്നങ്ങൾ. ഇവ കമ്പോസ്റ്റുകളിൽ നിക്ഷേപിക്കുകയോ റീസൈക്കിൾ ചെയ്യുകയോ കത്തിച്ചുകളയുകയോ ചെയ്യാവുന്നവയാണ്. ഇതൊന്നും പ്രകൃതിയ്ക്ക് യാതൊരു ദോഷവും ഉണ്ടാക്കുകയില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും സർക്കാർ ഏജൻസികളുടെ സർട്ടിഫിക്കേഷൻ ഉള്ളതുമാണ്.

ആഗോളതലത്തിൽ തന്നെ എല്ലാ രാജ്യങ്ങളും ബയോ ഡീഗ്രേഡബിൾ ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിച്ചു മുന്നോട്ട് പോകുകയാണ്. എന്നാൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഈ ഉല്പന്നങ്ങൾ നിർമിക്കാൻ നമ്മുടെ കേരളത്തിൽ നിന്ന് അനുമതി നേടുകയും സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമാണം നടത്തുകയും ചെയ്യുന്ന സംരംഭകരെ പ്രോൽസാഹിപ്പിക്കാൻ സർക്കാർ നയം രൂപീകരിക്കുന്നില്ല എന്നതിൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി.

ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാം നിരോധിച്ചു എന്ന തരത്തിലുള്ള ഉദ്യോഗസ്‌ഥരുടെ സമീപനം, പ്ലാസ്‌റ്റിക് കോട്ടിങ് ഇല്ല എന്നവകാശപ്പെട്ടുകൊണ്ട് വ്യാജമായ QR-കോഡ് നൽകി സർക്കാർ അനുമതിയോ, രേഖകളോ ലഭ്യമാക്കാതെ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിപണിയിൽ എത്തുന്നത് എന്നിവയാണ് ഈ മേഖലയിലെ സംരംഭകർ നേരിടുന്ന പ്രധാന പ്രതിസന്ധികളെന്ന് അസോസിയേഷൻ അറിയിച്ചു.

ഇക്കാര്യങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ശരിയായ ബോധവത്കരണം നടത്തുക, CPCB അംഗീകാരമുള്ള പ്രകൃതിസൗഹൃദമായ ബയോഡീഗ്രേഡബിൾ ഉല്പന്നങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബയോഡീഗ്രേഡബിൾ  എന്നത് വ്യക്തമാക്കുന്ന എല്ലാ രേഖകളും അടങ്ങുന്ന ‘QR’കോഡ് ഉൾപ്പെടുത്തി മാത്രം വിപണിയിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തുക, പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള ഉല്പന്നങ്ങൾ അനധികൃതമായി സംസ്ഥാനത്തെത്തുന്നത് തടയാൻ വാഹന പരിശോധന അടക്കമുള്ള കാര്യങ്ങൾ കർശനമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ഷാലിമാർ ഗ്രൂപ്പ്‌ ഡയറക്ടർമാർ, ലീത ഗ്രൂപ്പ്‌ ചെയർമാൻ ജാക്സൻ, TNPL പേപ്പർ ഡീലർ ഉടമ പദ്മനാഭൻ, പൊന്നു പേപ്പർ പ്രോഡക്റ്റ് എംഡി മണികണ്ഠൻ, അസോസിയേഷൻ പ്രസിഡന്റ് നാസർ കെ പി, സെക്രട്ടറി ഷൈൻ കരിപ്പടത്ത്, അബ്ദുൽ റഹിം, നേബു തോമസ്, അബ്ദുൽ റഷീദ്, ഷബീർ, ജെന്നി കുന്നംകുളം തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിന് ഷബീർ നന്ദി പറഞ്ഞു.

Highlights: Kerala Biodegradable Paper Manufacturers Association, Biodegradable Paper plates, Plastic waste issue, Amayizhanchan Canal, Joy