കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ തയ്യാറാകരുത്: വിടി ബൽറാം
ഇന്ന് രാജ്ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ മാത്രം വിലക്കിയ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ഗവര്‍ണര്‍ തയ്യാറാകരുതെന്നും അതിനുള്ള അധികാരവും അനുവാദവും അദ്ദേഹത്തിനില്ലെന്നും ബൽറാം പറഞ്ഞു.
ഗവർണർ സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ മാധ്യമങ്ങളും വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നു. ഇതോടൊപ്പം തന്നെ ഗവർണർ നടത്തിയ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കാനുള്ള റിപ്പോര്‍ട്ടര്‍ ടിവിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
ഗവർണർ മാധ്യമങ്ങളിൽ ചിലരെ മാത്രം മാറ്റിനിര്‍ത്തുന്നത് വിവേചനപരമാണ്, അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ മറ്റ് മാധ്യമങ്ങള്‍ക്ക് കൂടി കഴിയണമായിരുന്നു. എന്നാൽ ഇവിടെ മലയാള മാധ്യമങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നത്. തങ്ങളുടെ കൂട്ടത്തില്‍പ്പെട്ട പ്രധാനപ്പെട്ട നാലോ അഞ്ചോ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സ്ഥലത്തേക്കാണ് മറ്റുള്ള മാധ്യമങ്ങള്‍ പോയിരിക്കുന്നത്. ഇക്കാര്യത്തില്‍ ആത്മപരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.