രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് കേരളാ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കണം: കെ സുരേന്ദ്രൻ

single-img
18 January 2024

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ദിനമായ ജനുവരി 22ന് കേരളാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്തുത ദിവസം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ചത് സംസ്ഥാനവും മാതൃകയാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു .

അയോധ്യയിലെ ശ്രീരാമക്ഷേത്രം രാജ്യത്തിന്റെ ദേശീയ അഭിമാനസ്തംഭമാണ്. ശ്രീരാമനാണ് ഭരണനിര്‍വഹണത്തിന്റെ കാര്യത്തില്‍ നമ്മുടെ നാടിന്റെ മാതൃകയെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ദ്ധ അവധി പ്രഖ്യാപിച്ചിരുന്നു.

പ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കാണുന്നതിനായാണ് അവധി അനുവദിക്കുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് ഇക്കാര്യം നേരത്തേ സ്ഥിരീകരിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.