കാശ്മീര്‍ സുരക്ഷിതമല്ലെന്ന് അവര്‍ക്ക് മനസിലായി; ഇന്ത്യയില്‍ ഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറി: കെ സുരേന്ദ്രൻ
തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിലെ കേസിലെ ഒന്നാം പ്രതി കണ്ണൂർ ജില്ലയിലെ മട്ടന്നൂരില്‍ 13 വര്‍ഷങ്ങള്‍ സുഖിച്ച് താമസിച്ചുവെന്നത് കേരളം ഭീകരവാദികള്‍ക്ക് സുരക്ഷിതമായ സ്ഥലമാണെന്നതിന്റെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . മട്ടന്നൂരാണ് സിപിഎമ്മിന്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ശക്തികേന്ദ്രം. അവിടെനിന്നുമാണ് എന്‍ഐഎ ഭീകരനെ പിടികൂടിയത്.
സംസ്ഥാനത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മതഭീകരര്‍ തഴച്ചു വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഭീകരവാദികള്‍ ഒളിച്ചുകഴിഞ്ഞിരുന്നത് ജമ്മു കാശ്മീരിലായിരുന്നുവെങ്കില്‍ കാശ്മീര്‍ സുരക്ഷിതമല്ലെന്ന് ഇപ്പോള്‍ അവര്‍ക്ക് മനസിലായി. ഇന്ത്യയില്‍ ഭീകരവാദത്തിന്റെ കേന്ദ്രമായി കേരളം മാറി. ഭീകരവാദികളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
മുൻപ് കനക മലയില്‍ വെച്ചും എന്‍ഐഎ ഭീകരരെ പിടിച്ചിരുന്നു. ഭീകരവാദികള്‍ക്ക് സംസ്ഥാനത്തെ പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ്. 13 വര്‍ഷം ഒളിച്ചു താമസിച്ചിട്ടും പൊലീസിന് കണ്ടെത്താനായില്ലെന്ന് പറയുന്നത് അവിശ്വസനീയമാണ്. കേരള സര്‍ക്കാരിന് ഇത് നാണക്കേടാണ്.
ഭീകരവാദിക്ക് പ്രദേശിക സഹായം ലഭിച്ചുവെന്ന് തന്നെയാണ് എന്‍ഐഎ പറയുന്നത്. എന്തുകൊണ്ടാണ് കണ്ണൂരില്‍ ഭീകരവാദികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുവെന്നത് അന്വേഷിക്കണം. ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നത് കൂടുതലും കണ്ണൂരിലാണ്. വോട്ടിന് വേണ്ടിയാണ് സിപിഎം മതഭീകരവാദികളെ പിന്തുണയ്ക്കുന്നതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു .