നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല: കെ സുധാകരൻ
തനിക്കെതിരെയുള്ള കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി.
സമ്മേളനങ്ങളിൽ മൈക്കിന് മുന്നില്‍ ഊരിപ്പിടിച്ച വടിവാളും ഇന്ദ്രചന്ദ്രനുമെന്നൊക്കെ സ്വന്തം അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ മുഖ്യമന്ത്രി കശാപ്പ് ചെയ്യുന്നു. നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ ഏതെങ്കിലും ജില്ലകളില്‍ പൊതുപരിപാടികളുണ്ടെങ്കില്‍ അവിടെ യൂത്ത് കോണ്‍ഗ്രസിനും കെഎസ്‌യുവിനും സംഘടനാ സമ്മേളനം പോലും നടത്താനോ എന്തിന് പൊതുജനത്തിന് കറുത്ത ഉടുപ്പ് ധരിക്കാനോ സാധിക്കാത്ത ഭീകരാന്തരീക്ഷമാണ് കേരളത്തില്‍. മുഖ്യമന്ത്രിക്ക് യാത്രചെയ്യാൻ സുഗമ സഞ്ചാരപാത ഒരുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടിപ്പിടിച്ച് കരുതല്‍ തടങ്കലിലടയ്ക്കുകയാണ്. സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് വേണ്ടി വിടുവേല ചെയ്യുന്ന പോലീസ് എല്ലാ സീമകളും ലംഘിക്കുകയാണെന്ന് കെ സുധാകരന്‍ കൂട്ടിച്ചേർത്തു.