ഇന്ത്യയിൽ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിൽ ; അതിന് കാരണം ഇടതു ഭരണം: മുഖ്യമന്ത്രി
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കുറവ് ദരിദ്രരുള്ളത് കേരളത്തിലാണെന്നും അതിന്റെ കാരണം ഇടതു ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തവർഷം നവംബർ ഒന്നിന് പരമ ദരിദ്രരായി ആരും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറും.
എന്നാൽ ഇന്ത്യയെ ബിജെപി സര്‍ക്കാര്‍ ദരിദ്ര്യ രാജ്യങ്ങളുടെ പട്ടികയിലേക്കെത്തിച്ചു. അവർ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കിയില്ല. ബിജെപി രാജ്യം ഭരിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് പട്ടിണിപ്പാവങ്ങളുടെ എണ്ണം വര്‍ധിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.
അവസാന ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു പ്രത്യേക സാഹചര്യമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചപ്പോൾ വിജയിച്ചാൽ പ്രധാനമന്ത്രിയാകുമെന്നായിരുന്നു കോൺഗ്രസിൻറെ പ്രചാരണം. അതിനായി കോൺഗ്രസിന്റെ അംഗബലം കൂട്ടണമെന്നായിരുന്നു പ്രചാരണം. പക്ഷേ തെരഞ്ഞെടുത്തവർ നാടിൻറെ ശബ്ദം പ്രകടിപ്പിച്ചില്ല.
ഏകീകൃത വ്യക്തി നിയമത്തെ എതിർക്കാൻ കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞില്ല. അന്വേഷണ ഏജൻസികളെ വിട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ബിജെപി കസ്റ്റഡിയിലെടുക്കുന്നതിലും കോൺഗ്രസ് മൗനം പാലിക്കുകയാണ്. കോൺഗ്രസിനെയും വേട്ടയായിട്ടുണ്ട്. അപ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. കോൺഗ്രസ് ഇതര പാർട്ടികൾക്കെതിരെയാണ് നടപടിയെങ്കിൽ കോൺഗ്രസ് ബിജെപിക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.