ലോകത്തിൽ ആദ്യം; ‘ഗ്രഫീന്‍ നയം’ പ്രഖ്യാപിക്കാനൊരുങ്ങി കേരളം
ലോകത്തിൽ തന്നെ ആദ്യമായി ഗ്രഫീന്‍ നയം പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളമെന്ന് സംസ്ഥാന വ്യവസായ വക്തുപ്പ് മന്ത്രി പി രാജീവ്. തയ്യാറാക്കി കഴിഞ്ഞ നയം ഉടനെ പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഇതിനാവശ്യമായ സ്ഥലം പാലക്കാട് കണ്ടെത്താനുള്ള നടപടികളും കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗ്രഫീനില്‍ മറ്റൊരു കേരള മാതൃക ഉയരുമെന്നുറപ്പാണെന്നും മന്ത്രി രാജീവ് പറഞ്ഞു.
മന്ത്രി പി രാജീവിന്റെ കുറിപ്പ് ഇങ്ങിനെ:
”ലോകത്താദ്യമായി ‘ഗ്രഫീന്‍ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കല്‍ കൂടി ഫൈന്‍ ട്യൂണ്‍ ചെയ്ത് ഉടനെ പ്രഖ്യാപിക്കും. പ്രോട്ടോടൈപ്പില്‍ നിന്ന് പൈലറ്റ് പ്രോജക്ടിലേക്കും തുടര്‍ന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിലേക്കും ക്രമാനുഗതമായി മുന്നേറുന്ന വിധമായിരിക്കും ഗ്രഫീന്‍ പാതയിലെ കേരള സഞ്ചാരം.
ഗ്രഫീന്റെ വ്യാവസായികോല്‍പാദനം ഇതിനകം തുടങ്ങിക്കഴിഞ്ഞ കൊച്ചി കാര്‍ബോറാണ്ടത്തിന്റെ വിജയാനുഭവം നമുക്ക് മുന്നിലുണ്ട്. ഗ്രഫീനിലെ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് നേതൃത്വം ഡിജിറ്റല്‍ സര്‍വ്വകലാശാലക്കും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദന പദ്ധതികളുടെ നേതൃത്വം വ്യവസായവകുപ്പിനും ആയിരിക്കും. ഗ്രഫീന്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പാലക്കാട് ഇതിനാവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികളും കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. ഗ്രഫീനില്‍ മറ്റൊരു കേരള മാതൃക ഉയരുമെന്നുറപ്പ്.”
നാളെയുടെ പദാര്‍ഥം എന്നു വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അധിഷ്ഠിത വ്യാവസായികോല്‍പ്പാദനത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ തുടക്കമായിരുന്നു. ഇലക്ട്രിക്, ഇലക്‌ട്രോണിക് വ്യവസായങ്ങളില്‍ ഉള്‍പ്പെടെ ഗ്രഫീന് വന്‍സാധ്യതയാണുള്ളത്. സ്വാഭാവിക സിന്തറ്റിക് റബര്‍ ഗുണനിലവാരം ഉയര്‍ത്തല്‍, കൊറോഷന്‍ കോട്ടിങ്, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ചാര്‍ജിങ് വേഗം വര്‍ധിപ്പിക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് ഗ്രഫീന്‍ ഉപയോഗിക്കുന്നുണ്ട്.