സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി; തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുന്നു: ജെപി നദ്ദ

single-img
26 September 2022

തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളംമാറുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പിണറായിവിജയൻ നയിക്കുന്ന സംസ്ഥാന സർക്കാർ അഴിമതിയിലും കടക്കെണിയിലും മുങ്ങി നിൽക്കുകയാണെന്നും സാമ്പത്തികമായ അച്ചടക്കമില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വിവാദമായി മാറിയ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഓഫീസിനും എതിരെ സ്വപ്ന സുരേഷ് കോടതിയിൽ മൊഴി നൽകുന്ന സാഹചര്യം വരെ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ സംസ്ഥാനത്തെ സർവകലാശാല നിയമനങ്ങളിലും അഴിമതി നടത്തിയിട്ടുണ്ട്. സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടത്തുകയാണ് സംസ്ഥാന സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.

നിയമ ഭേദഗതിയിലൂടെ ലോകായുക്തയെ ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. കേരളാ സർക്കാർ കുടുംബാധിപത്യത്തിലും അഴിമതിയിലും പെട്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് അടിയന്തരമായി മെഡിക്കൽ സാധനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും അക്രമം ചെയ്യുന്നവർക്ക് പൊലീസിന്റെയും നിയമസംവിധാനങ്ങളുടെയും പിന്തുണ ലഭിക്കുന്ന സ്ഥിതിയാണ് ഇവിടെ നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.