വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നത്: മുഖ്യമന്ത്രി
ഇത്തവണത്തെ ഓണം സന്തോഷത്തിന്റേതല്ലെന്ന് ചിലർ പറയുന്നുവെന്നും അക്കൂട്ടർക്ക് നാണം എന്നൊന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിലക്കയറ്റത്തിൽ നാം ദേശീയ ശരാശരിയെക്കാൾ താഴെയാണെന്നും ഇന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഓണാഘോഷത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിതരണ സംവിധാനം കേരളത്തിൽ ശക്തമാണ്. 2016-ലെ അതേ വിലയ്ക്ക് ഇവിടെ 13 ഇന സാധനങ്ങളും ലഭിക്കുകയാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു സാധനത്തിന്റെ സ്റ്റോക്ക് ഇല്ലാത്തതിനെ, മുഴുവൻ സ്ഥലത്തും സാധനമില്ലന്നു കാണിച്ച് പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ നിലവിൽ 60 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ ലഭിക്കുന്നത്. അവരൊക്കെ സന്തോഷത്തോടെ ഓണം ആഘോഷിക്കുകയാണ്. ചില നിക്ഷിപ്ത താത്പര്യക്കാരാണ് വ്യാജ പ്രചരണം നടത്തുന്നത്. ഇത്തരക്കാരുടെ പ്രചരണം ജനങ്ങൾ ഉൾക്കൊണ്ടിരുന്നുവെങ്കിൽ എൽഡിഎഫിന് ഇവിടെ വിരലിൽ എണ്ണാവുന്ന സീറ്റ് മാത്രമെ ഉണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവകേരളം സൃഷ്ടിക്കലാണ് നമ്മുടെ ലക്ഷ്യം. വികസിത രാജ്യങ്ങൾക്ക് തുല്യമായ ജീവിത നിലവാരത്തിലേക്കാണ് കേരളം പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.