കേരളം ഇപ്പോൾ വ്യവസായമേഖലയിലും വൻകുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്നു; സിപിഎം


വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം ഇപ്പോൾ വ്യവസായമേഖലയിലും വൻകുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ് എന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. 2022-23 സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ തന്നെ ഒരു ലക്ഷം പുത്തൻ സംരംഭങ്ങൾ ആരംഭിച്ചു കൊണ്ട് വ്യാവസായികകേരളത്തിന്റെ ചരിത്രം തിരുത്തിയിരിക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ സംരംഭകവർഷം പദ്ധതി എന്ന് പ്രസ്താവന പറയുന്നു.
ഈ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളാരംഭിച്ച 10,000 സംരംഭകർ ഇന്ന് കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയിൽ ഒത്തുകൂടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത പരിപാടിയുടെ അധ്യക്ഷത വ്യവസായവകുപ്പ് മന്ത്രി പി രാജീവ് വഹിച്ചു.
2022-23ലെ ഇതുവരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ 1,24,254 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. ഇത്രയും സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങിയ പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് സംരംഭക വർഷം പദ്ധതി.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ വ്യാവസായിക രംഗത്തിലെ മികച്ച മാതൃകയായി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ സംരഭകവർഷത്തിന് ദേശീയാംഗീകാരവും കൈവന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിലെന്ന പോലെ വ്യവസായ മേഖലയിലും ഇന്ത്യയുടെ വികസനഭൂപടത്തിൽ കേരളത്തിന് സവിശേഷ സ്ഥാനം ഉറപ്പിക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.