വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇങ്ങനെ നിൽക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ


സമരക്കാർ പൊലീസ് സ്റ്റേഷൻ വളയുകയും അതിക്രമം കാണിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തിട്ടും വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് കേരളം ഇപ്പോഴും ഇങ്ങനെ നിൽക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ .
ലോകത്ത് ഇതേവരെ ഇങ്ങനെ സംയമനം പാലിക്കുന്ന പൊലീസുണ്ടോയെന്നും ഇത്ര വലിയ കടന്നാക്രമണമുണ്ടായിട്ടും അവർ അതിരുവിട്ട് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.വിഴിഞ്ഞത്തിപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നത് വലിയ അക്രമമാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ് ആക്രമിക്കുക, പൊലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുക. വയർലെസ് സെറ്റ് അടക്കമുള്ള സംവിധാനങ്ങൾ തകർക്കുക തുടങ്ങി കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് അവിടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
അവിടെ സമരപന്തലിൽ ചില ആളുകൾ നടത്തിയ പ്രസംഗം പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്നായിരുന്നു. അങ്ങിനെയുള്ള ചരിത്രം ഞങ്ങൾക്കുണ്ടെന്നും അവർ പറഞ്ഞു. എന്ത് അക്രമവും നടത്തുന്ന ചിലരാണ് ആളുകളെ ഇളക്കി വിടുന്നത്. അവർക്ക് കീഴടങ്ങാൻ സർക്കാർ തയ്യാറല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കുന്നത് അല്ലാതെ എല്ലാ നിബന്ധനകളും അംഗീകരിക്കാൻ തയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.