കേരള നിയമസഭ പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുന്ന ഭീകരരുടെ താവളമായി: കെ സുധാകരൻ

single-img
17 March 2023

കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ഇപ്പോൾ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ എംപി. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് ഇതു പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും ഇതു ബാധകമാണ്.

ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ സംസ്ഥാന നിയമസഭ, ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുകയും പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന ഭീകരരുടെ താവളമായെന്ന് അദ്ദേഹം പറഞ്ഞു. ദിവസത്തിൽ എട്ടോ പത്തോ മിനിറ്റ് നേരം നിയമസഭ സമ്മേളിക്കാന്‍ 36,28,594 രൂപ ചെലവിടുന്നതിനു പകരം ആ പണം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന മറ്റെന്തിനെങ്കിലും വിനിയോഗിക്കണം.

സാധാരണക്കാരായ ജനങ്ങളുടെ നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന റൂള്‍ 50 അനുസരിച്ചുള്ള അടിയന്തര പ്രമേയം ഇല്ലാതാക്കിയ മുഖ്യമന്ത്രിയെന്നാണ് പിണറായി വിജയന്‍ ഇനി അറിയപ്പെടാന്‍ പോകുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി പ്രവര്‍ത്തിക്കുന്ന സഭാ ടിവി ഇപ്പോള്‍ പാര്‍ട്ടി ചാനല്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഭരണകക്ഷി അംഗങ്ങളായവരുടെ മുഖം മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്ന സഭാടിവി തികച്ചും പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നു. ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ 7 എംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസും ഭരണപക്ഷത്തെ 2 പേര്‍ക്കെതിരേ ജാമ്യമുള്ള കേസുമെടുത്ത് പിണറായിയുടെ പൊലീസ് വീണ്ടും രാജഭക്തി തെളിയിച്ചു. പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണെന്നും സുധാകരന്‍ പറഞ്ഞു.