വാങ്ങാൻ ആളില്ല; ദ കേരള സ്റ്റോറി ഒടിടി റിലീസ് വൈകും
വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ ദ കേരള സ്റ്റോറി ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയ പിന്നാലെ ഒടിടി റിലീസിന് തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. പക്ഷെ ഇപ്പോൾ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സിനിമ വാങ്ങാന്‍ ഇതുവരെ ഒരു ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമും തയ്യാറായില്ല എന്നാണ് പറയുന്നത്.
തങ്ങൾക്ക് മികച്ച കരാര്‍ ലഭിക്കാത്തതാണ് ദ കേരള സ്റ്റോറി ഒടിടി റിലീസ് വൈകാന്‍ കാരണമെന്നാണ് സംവിധായകന്‍ സുദീപ്തോ സെന്‍ പറയുന്നത്. “കേരള സ്റ്റോറിക്ക് ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ലഭിച്ചിട്ടില്ല” എന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.
അതേസമയം, നേരത്തെ സീ5 കേരളാ സ്റ്റോറിയുടെ അവകാശം വാങ്ങിയെന്നും ചിത്രം ഉടന്‍ സ്ട്രീം ചെയ്യും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംവിധായകന്‍ സുദീപ്തോ സെന്‍ അതിനോടും പ്രതികരിച്ചു. “ഇല്ല. അത് വ്യാജ വാർത്തയാണ്. ഏതെങ്കിലും പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മികച്ചൊരു ഡീലിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ, മികച്ച ഒരു ഓഫറും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങളെ സിനിമ ലോകം ഒത്തുചേര്‍ന്ന് ശിക്ഷിക്കുകയാണോ എന്നും സംശയമുണ്ട്” -സുദീപ്തോ സെന്‍ പറഞ്ഞു.
“ഞങ്ങളുടെ സിനിമയുടെ ബോക്സ് ഓഫീസ് വിജയം സിനിമ രംഗത്തുള്ള പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. വിജയത്തിന് ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി ഞങ്ങൾക്ക് സംശയമുണ്ട്” -സുദീപ്തോ സെന്‍ കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.