സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; ആദ്യ തോൽവി ഏറ്റുവാങ്ങി ഉണ്ണി മുകുന്ദൻ നയിച്ച കേരള സ്‍ട്രൈക്കേഴ്സ്
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ഈ മൂന്നാം സീസണിൽ ഇന്ന് അവസാനിച്ച മത്സരത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങി സി3 കേരള സ്‍ട്രൈക്കേഴ്‍സ്. തെലുങ്ക് വാരിയേഴ്സുമായിനടന്ന മാച്ചിൽ സ്ട്രൈക്കേഴ്സ് 64 റണ്‍സിനാണ് പരാജയപ്പെട്ടത്. മികച്ച കളിയുമായി അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്‍റെ ബാറ്റിംഗാണ് കേരളാ ടീമിന് വെല്ലുവിളിയായത്.
തെലുങ്ക് താരങ്ങള്‍ നല്ല രീതിയിൽ ബാറ്റിംഗിൽ പിടിച്ചു നിന്നപ്പോൾ രാജീവ് പിള്ള ഒഴികെയുള്ള കേരളാ താരങ്ങള്‍ റണ്‍ കണ്ടെത്താൻ ബുദ്ധിമുട്ടി.കേരളാ സ്‍ട്രൈക്കേഴ്‍സിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഒന്നാം ഇന്നിംഗ്സില്‍ വഴങ്ങിയ ലീഡ് ഉൾപ്പടെ 169 റണ്‍സായിരുന്നു ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്.
പക്ഷെ പത്ത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടാനാണ് ടീമിന് ആകെ സാധിച്ചത്. രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. 23 ബോളില്‍ 38 റണ്‍സാണ് രാജീവ് നേടിയത്. ടോസ് ലഭിച്ച കേരള സ്‍ട്രൈക്കേഴ്‍സ് നായകനായ ഉണ്ണി മുകുന്ദൻ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഖില്‍ അക്കിനേനിയാണ് തെലുങ്ക് വാരിയേഴ്‍സിന്റെ ക്യാപ്റ്റൻ.