ടൂറിസം- ആരോഗ്യ – സാംസ്കാരിക മേഖലകളില്‍ കേരളം തുര്‍ക്കിയുമായി സഹകരിക്കും: മുഖ്യമന്ത്രി

single-img
11 January 2023

ടൂറിസം, ആരോഗ്യം, സാംസ്കാരികം എന്നീ വിവിധ മേഖലകളില്‍ കേരളം തുര്‍ക്കിയുമായി സഹകരിക്കും. തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം . മുൻപേ തന്നെ തുര്‍ക്കിയുമായി അടുത്ത ബന്ധം കേരളത്തിനുണ്ടായിരുന്നെന്നും വരും കാലങ്ങളില്‍ കൂടുതല്‍ സഹകരണം ഊട്ടിയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചയിൽ തുര്‍ക്കിയും കേരളവും തമ്മില്‍ സമുദ്രമാര്‍ഗമുള്ള ദീര്‍ഘകാല ബന്ധം മുഖ്യമന്ത്രി അനുസ്മരിച്ചു. ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്‍റെ അഭേദ്യമായ ഭാഗമായിരുന്നു. കേരളീയനായ ഇന്ത്യയുടെ മുന്‍രാഷ്ട്രപതി കെ ആര്‍ നാരായണന്‍ തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു. ഈ നിലക്കെല്ലാം ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു.

ഈ വിമാന സർവീസ് ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വീസ് നടത്തുക. കേരളത്തിന് സ്വന്തമായ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.