മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണം: എം കെ സ്റ്റാലിന്‍

single-img
24 May 2024

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡാം നിര്‍മാണത്തിനായി പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്ന് സ്റ്റാലിന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവിനെ മറികടന്നുള്ളതാണ് ഈ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ തമിഴ്‌നാട് കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കത്തില്‍ സൂചിപ്പിച്ചു. കേരളത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന എന്ന ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന് സ്റ്റാലിന്റെ കത്ത്. ഈ കത്തിന് പുറമെ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിര്‍മിക്കാന്‍ കേരള സര്‍ക്കാരിന് അനുമതി നല്‍കരുതെന്നുള്ള കത്തും ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കമുണ്ട്.

ഇപ്പോഴുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാത പഠനനീക്കവുമായി കേരളം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി തമിഴ്‌നാട് രംഗത്തെത്തിയിരിക്കുന്നത്.

പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കേരളം തീരുമാനിച്ചു. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ കുറഞ്ഞത് ഏഴ് വര്‍ഷം വേണമെന്നാണ് ജലസേചന വകുപ്പ് കരുതുന്നത്.

എന്നാല്‍, അടിയന്തരമായി ഡാം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അഞ്ച് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണു വിലയിരുത്തല്‍. പുതിയ അണക്കെട്ടിന്റെ രൂപരേഖ പൂര്‍ത്തിയായി. പരിസ്ഥിതി ആഘാത പഠനം, വനം വന്യജീവി വകുപ്പിന്റെ അനുമതി എന്നിവയാണ് ഇനി വേണ്ടത്.