തെമ്മാടിക്കൂട്ടങ്ങളുടെ സാന്നിധ്യമില്ല; ഇനി മുതല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ മിഡില്‍ ഈസ്റ്റില്‍ നടത്തണമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍
വളരെ മികച്ച രീതിയിൽ ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിച്ച രീതിയെ അഭിനന്ദിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. ലോകകപ്പ് വേദിയില്‍ ഒരിക്കൽപോലും തെമ്മാടിക്കൂട്ടങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റൊയിരുന്നു ഖത്തറില്‍ നടന്നതെന്ന് പീറ്റേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.
ഈ കാര്യത്തിൽ ഖത്തര്‍ വളരെ മികച്ച നിലവാരം പുലര്‍ത്തിയെന്നും കെവിന്‍ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ പ്രതികരണം. ഈ കാരണങ്ങളാൽ ഇനി മുതല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ മിഡില്‍ ഈസ്റ്റില്‍ വെച്ചു നടത്തിയാല്‍ മതി. അങ്ങനെയെങ്കില്‍ കാണികളുടെ അനുഭവം മനോഹരമായി ഓര്‍മ്മിക്കപ്പെടുന്ന വിധത്തിലാക്കാം,’ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.
നേരത്തെ 2020ല്‍ വെംബ്ലിയില്‍ നടന്ന യുറോ കപ്പ് ഫുട്‌ബോൾ ഫൈനല്‍ ഫുട്‌ബോള്‍ ഹൂളിഗന്‍സ് ഇരച്ചുകയറി അലങ്കോലമാക്കിയ അനുഭവം പരാമര്‍ശിച്ചുകൊണ്ടാണ് പീറ്റേഴ്‌സ് ഖത്തര്‍ ലോകകപ്പ് സംഘാടന മികവിനെ പ്രശംസിച്ചത്.
അന്ന് ടിക്കറ്റെടുക്കാതെ ആളുകൾ വെംബ്ലി സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുകയറി ടൂര്‍ണമെന്റില്‍ തികച്ചും ദൗര്‍ഭാഗ്യകരമായ അവസ്ഥ സൃഷ്ടിച്ചു. തങ്ങളുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത ഏടായി വെംബ്ലിയിലെ അനുഭവം ഇപ്പോഴും അവശേഷിക്കുകയാണ്,’ കെവിന്‍ പറഞ്ഞു.