കോൺഗ്രസിലെ പ്രധാന നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്: മന്ത്രി മുഹമ്മദ് റിയാസ്
സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാഷ്ട്രീയം പറയാതെ വ്യക്തിപരമായി പ്രസ്താവന ഇറക്കുന്നു എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ സതീശനെ ഭീരു എന്ന് വിളിച്ചതാണ് ഇപ്പോൾ ഉയർത്തുന്ന പ്രശ്നം എന്നും നിയമസഭയിൽ അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ തയ്യാറായിട്ടും പ്രതിപക്ഷ നേതാവ് ഓടിയൊളിച്ചു എന്നും അദ്ദേഹം പറഞ്ഞു.
‘മനോഹരമായ കടയിൽ കാളയെ അയച്ചു എന്ന ചൊല്ല് ശരി വെക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ. പ്രതിപക്ഷ നേതാവിന് സഹിഷ്ണുത ഇല്ല. അത് ചോദിക്കേണ്ടതാണ്. കോൺഗ്രസിലെ വലിയോരു വിഭാഗം മതനിരപേക്ഷത നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോൺഗ്രസിലെ പ്രധാന നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റുമാരാണ്.
രാഷ്ട്രീയപരമായി ഉയർത്തിയ ചോദ്യങ്ങൾക്ക് പിച്ചും പെയ്യും പറയുകയാണ് പ്രതിപക്ഷ നേതാവ്. തൃശൂരിൽ ബിജെപി തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ കോൺഗ്രസിൽ കൂട്ട തല്ലുണ്ടായി. വോട്ട് മറിച്ചു എന്നാരോപിച്ചണ് ഡിസിസി പ്രസിഡന്റിനെ മാറ്റിയത്. യുഡിഎഫ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചെങ്കിലും റിപ്പോർട്ട് പുറത്തുവന്നില്ല. ഇതിന് പ്രതിപക്ഷ നേതാവിന് മറുപടി ഉണ്ടോ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് വി ഡി സതീശന് മറുപടി ഇല്ല’- മന്ത്രി കൂട്ടിച്ചേർത്തു.