അറസ്റ്റിലായ അമൃത്പാൽ സിംഗിന്റെ കൂട്ടാളികളെ ആസാമിലേക്ക് മാറ്റി; ഖാലിസ്ഥാൻ തീവ്രവാദികളെ പൂട്ടാനുറച്ചു കേന്ദ്ര സംസ്ഥാന സർക്കാരുകൾ


ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃതപാൽ സിങ്ങിനെതിരെ കടുത്ത നടപടിയുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുന്നോട്ടു. അറസ്റ്റിലായ അമൃതപാൽ സിങ്ങിന്റെ നാല് പ്രധാന സഹായികളെ അപ്പർ അസമിലെ ദിബ്രുഗഡിലെ ജയിലേക്ക് മാറ്റി. വ്യോമസേനയുടെ പ്രത്യേക വിമാനം വഴിയാണ് ഇവരെ ആസാമിലെത്തിച്ചത്. പഞ്ചാബ് പോലീസിന്റെ ജയിൽ ഇൻസ്‌പെക്ടർ ജനറൽ ഉൾപ്പെടെ 30 അംഗ സംഘത്തിന്റ മേൽനോട്ടത്തിലാണ് ആസാമിലേക്കു മാറ്റിയത്.
വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജയിലുകളിലൊന്നാണ് ദിബ്രുഗഡ് സെൻട്രൽ ജയിൽ. അസമിലെ ഉൾഫ തീവ്രവാദത്തിന്റെ കൊടുമുടിയിൽ മുൻനിര തീവ്രവാദികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന ജയിലാണ് ഇത്.
പഞ്ചാബ് പോലീസ് അമൃത്പാൽ സിങ്ങിന്റെ ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയിലെ 78 അംഗങ്ങളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. പോലീസ് അറസ്റ്റ് ചെയ്തവരിൽ അമൃത്പാൽ സിങ്ങിന്റെ ആറ് മുതൽ ഏഴ് വരെ തോക്കുധാരികളായ അംഗരക്ഷകരും ഉൾപ്പെടുന്നുവെന്ന് ജലന്ധർ പോലീസ് കമ്മീഷണർ കുൽദീപ് സിംഗ് ചാഹൽ പറഞ്ഞു.
മറ്റ് നിരവധി പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനുയായികളെ കൂടാതെ അമൃത്പാൽ സിംഗിന്റെ പിതാവിനെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, അമൃത്‌സറിലെ അദ്ദേഹത്തിന്റെ ഗ്രാമമായ ജല്ലുപൂർ ഖൈറയ്ക്ക് പുറത്ത് പോലീസിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും വൻ വിന്യാസമുണ്ട്.