കിഷ്‍കിന്ധാ കാണ്ഡം രണ്ടാം തവണ കാണുമ്പോള്‍ മറ്റൊരു സിനിമയായി അനുഭവപ്പെടുന്നു; മികച്ച അഭിപ്രായങ്ങളെന്ന് വിജയരാഘവൻ
തിയേറ്ററുകളിൽ പ്രേക്ഷകരെ ആകര്ഷിച്ചുകൊണ്ട് മുന്നേറുകയാണ് ആസിഫ് അലിയും അപർണ്ണയും വിജയരാഘവനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കിഷ്‍കിന്ധാ കാണ്ഡം’. വളരെയധികം പുതുമയുള്ള കഥയാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.
ഇപ്പോൾ ഇതാ, ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യതയെ കുറിച്ചും തന്‍റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് നടൻ വിജയരാഘവൻ.
പലപ്പോഴും സിനിമ നന്നാകുമ്പോഴും കഥാപാത്രം ശ്രദ്ധിക്കപ്പെടുമ്പോഴും അഭിനന്ദിക്കാനായി പലരും വിളിക്കാറുണ്ട്, എന്നാൽ ഈ സിനിമയെ കുറിച്ച് ചിലർ പറഞ്ഞ കമന്‍റുകള്‍ മുൻപ് കേട്ടിട്ടില്ലാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
കിഷ്‍കിന്ധാ കാണ്ഡം രണ്ടാം തവണ കാണുമ്പോള്‍ മറ്റൊരു സിനിമയായി അനുഭവപ്പെടുന്നു എന്നതാണ് അതിൽ പ്രധാനം. ആദ്യ കാഴ്ചയിൽ അപ്പുപിള്ള എന്ന കഥാപാത്രത്തെ മനസ്സിലാക്കാതെ ദുരൂഹത അന്വേഷിച്ചാണ് പ്രേക്ഷകർ സിനിമ ആസ്വദിക്കുന്നത്.
കഥാപാത്രത്തിന്‍റെ അവസ്ഥ മനസ്സിലാക്കി കഴിയുമ്പോള്‍ അപ്പുപിള്ളയുടെ മാനസികാവസ്ഥയിൽ കഥയിലൂടെ സഞ്ചരിക്കാൻ കാഴ്ചക്കാരന് കഴിയുമെന്ന് വിജയരാഘവന്‍റെ വാക്കുകള്‍. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ലഭിക്കുന്ന നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച് ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്തിരിക്കുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്.