പ്ലാസ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി കെ കെ രമ


പ്ലാസ്റ്റര്‍ വിവാദത്തില്‍ വിശദീകരണവുമായി കെ കെ രമ എംഎല്‍എ. കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ പറഞ്ഞു.
ഡോക്ടര്‍ എക്സറേ പരിശോധിച്ചാണ് പ്ലാസ്റ്ററിട്ടത്. ഇത് ചെയ്തത് പരസ്യമായിട്ടാണെന്നും കെ കെ രമ വിശദീകരിച്ചു. ഏത് ആധികാരികതയുടെ വെളിച്ചത്തിലാണ് പൊട്ടലില്ലെന്ന് പറഞ്ഞതെന്നും കെ കെ രമ ചോദിച്ചു.
നിയമസഭയിലെ സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈക്ക് പരിക്കേറ്റതിന്റെ പേരിലാണ് പുതിയ പോര്. സംഘര്‍ഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിന്‍ദേവ് ഇട്ട പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ കെ രമ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി. സച്ചിന്‍ ദേവിന്റെ പോസ്റ്റാണ് തനിക്കെതിരായ സൈബര്‍ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ചേര്‍ത്ത് വ്യാജവാര്‍ത്ത നിര്‍മ്മിച്ച് അപമാനിക്കാന്‍ സച്ചിന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രമയുടെ കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നെന്ന് പറഞ്ഞ് സച്ചിനെയും സൈബര്‍ പ്രചാരണത്തെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പിന്തുണച്ചിരുന്നു. പരിക്കില്ലാതെയാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടതെന്ന് രമ തിരിച്ചടിച്ചു.
നിയമസഭാ ക്ലിനിക്കിലെ ഡോക്റാണ് ആദ്യം രമയെ പരിശോധിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. സംഘര്‍ഷത്തില്‍ സച്ചിന്‍ദേവ് അടക്കമുള്ള എംഎല്‍എമാക്കും വാച്ച് ആന്റ് വാഡിനുമെതിരെ നടപടിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതിന് പിന്നാലെയാണ് സച്ചിനെതിരായ സൈബര്‍ ആക്രമണ പരാതി. ഒരു എംഎല്‍എക്കെതിരെ മറ്റൊരു എംഎല്‍എല്‍ സൈബര്‍ പൊലീസിന് പരാതി നല്‍കുന്നതും അപൂര്‍വ്വ നടപടിയാണ്. രമയുടെ പുതിയ പരാതിയില്‍ സ്പീക്കറുടേയും സൈബര്‍ പൊലീസിന്റെയും തുടര്‍ നടപടിക്കായി കാത്തിരിക്കുകയാണ് പ്രതിപക്ഷം.