കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിൻവലിക്കണം; എം വി ഗോവിന്ദൻ മാസ്റ്റർക്കും ദേശാഭിമാനിക്കും കെ കെ രമയുടെ വക്കീൽ നോട്ടീസ്
സംസ്ഥാന നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ കൈ പൊട്ടിയില്ലെന്ന പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് കെ കെ രമ എംഎൽഎയുടെ വക്കീൽ നോട്ടീസ്. സംഘര്‍ഷത്തില്‍ കെകെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നുവെങ്കിലും കൈയ്ക്ക് പരിക്കില്ലെന്ന എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് കാണിച്ചാണ് രമ വക്കീല്‍ നോട്ടീസ് അയച്ചത്.
പ്രസ്താവന പിന്‍വലിച്ച് തന്നോട് മാപ്പുപറയണമെന്നും അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും വക്കീല്‍ നോട്ടീസില്‍ കെ കെ രമ അറിയിച്ചിട്ടുണ്ട്. അതേസമയം, സംഘര്‍ഷത്തില്‍ കൈയ്ക്ക് പരിക്കേറ്റ കെകെ രമ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പക്ഷെ രമയുടെ കൈയ്ക്ക് പരിക്കില്ല എന്നതായിരുന്നു മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്. ഇത് അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് കെ കെ രമ വക്കീല്‍ നോട്ടീസ് അയച്ചത്.
അടുത്ത 15 ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട സച്ചിൻദേവിന്‍റെ പ്രസ്താവനയും ദേശാഭിമാനി വാർത്തയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കെ കെ രമ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.