സഭ നിയന്ത്രിക്കാൻ ഇനി കെ കെ രമയും ഉണ്ടാകും; നിയമസഭയിലെ സ്പീക്കര്‍ പാനലില്‍ വനിതകള്‍ മാത്രം

single-img
5 December 2022

സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനുള്ള പാനലിൽ കെ കെ രമ ഉൾപ്പടെ എല്ലാം വനിതാ അംഗങ്ങൾ. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരത്തിൽ വനിതകൾ മാത്രമുള്ള ഒരു പാനലിനെ സഭ നാമനിര്‍ദേശം ചെയ്യുന്നത്.

കെകെ രമയെ കൂടാതെ യു പ്രതിഭയും, സികെ ആശയും ആണ് പാനലിൽ ഉൾപ്പെട്ട മറ്റു അംഗങ്ങൾ. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചതും സ്പീക്കർ എ എൻ ഷംസീർ തന്നെയാണ്. സാധാരണഗതിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന പാനലില്‍ പരമാവധി ഒരു വനിത അംഗം മാത്രമാണ് ഉള്‍പ്പെടാറുള്ളത്. ഒന്നാം കേരള നിയമസഭ മുതല്‍ സഭയുടെ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങള്‍ പാനലില്‍ വന്നതില്‍ കേവലം 32 വനിതകള്‍ക്കു മാത്രമാണ് ഉൾപ്പെട്ടത്. ഈ അവസരത്തിലാണ് സ്പീക്കറുടെ തീരുമാനത്തിനുള്ള പ്രസക്തി.സ്പീക്കറായതിനുശേഷമുള്ള ആദ്യ സമ്മേളനത്തില്‍ത്തന്നെ ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ തീരുമാനമാണ് ഷംസീർ കൈക്കൊണ്ടത്.

പാനൽ തെരഞ്ഞെടുക്കുമ്പോൾ പ്രതിപക്ഷത്തിന് ഒരം​ഗത്തെ നാമനിർദേശം ചെയ്യാമെന്നാണ് ചട്ടം. യുഡിഎഫ് അം​ഗമായ ഉമാ തോമസ് ഉണ്ടായിട്ടും രമയെ നാമനിർദേശം ചെയ്തു എന്നതും ശ്രദ്ധേയമാണ്. ഇനി കെ.കെ. രമ ചെയറിൽ ഇരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് സംസാരിക്കേണ്ടി വന്നാൽ അദ്ദേഹവും സാർ എന്ന് അഭിസംബോധന ചെയ്യേണ്ടി വരും.