ഷാജി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന് വിജിലൻസ് റിപ്പോർട്ട്
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി തെരഞ്ഞെടുപ്പ് ചട്ടലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ച 47.3 ലക്ഷം രൂപ കമീഷന് സമർപ്പിച്ച കണക്കിലില്ല. തുക തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് ഷാജി നൽകിയ അപേക്ഷ വിജിലൻസ് പ്രത്യേക കോടതി തള്ളിയിരുന്നു.
2021 ഏപ്രിലിലാണ് ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽനിന്ന് വിജിലൻസ് പണം കണ്ടെടുത്തത്. 1.47കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലായിരുന്നു പരിശോധന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു ഷാജി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പാർടി ബൂത്ത് കമ്മിറ്റികൾ പിരിച്ച പണമാണെന്നായിരുന്നു ഷാജിയുടെ വാദം. ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായില്ല.
ചട്ടമനുസരിച്ച് 10,000 രൂപക്ക് മുകളിലുള്ള തുക ചെക്കോ, ഡ്രാഫ്‌റ്റോ ആയി മാത്രമേ സ്വീകരിക്കാനാകൂ. ഷാജി സമർപ്പിച്ച രേഖകളിൽ 10,000 രൂപക്ക് മുകളിലുള്ള രസീതുകൾ ഉണ്ട്. പിടിച്ചെടുത്ത തുക കണ്ടുകെട്ടാൻ സർക്കാർ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.