നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി നഗരം

single-img
30 August 2022

കൊച്ചി: നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി നഗരം. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ എറണാകുളം ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്.

കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തില്‍ മുങ്ങി. റോഡുകളില്‍ വാഹനങ്ങളടക്കം കുടുങ്ങി. വെള്ളക്കെട്ട് രൂക്ഷമായതോടെ പല സ്ഥലങ്ങളിലും ഗതാഗതതടസം ഉണ്ടായിട്ടുണ്ട്.

എം ജി റോഡ്, കലൂര്‍, പനമ്ബള്ളി നഗര്‍ പ്രദേശങ്ങളിലെ റോഡുകള്‍ വെള്ളത്തിലാണ്. രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്. കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലും വെള്ളം കയറി.

അതിനിടെ കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്. പിന്നീട് അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി.

അതേസമയം സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെയും മറ്റന്നാളും എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എരണാകുളം, ഇടുക്കി, പാലക്കാട് മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്ന് വരെ കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധം നിരോധിച്ചിട്ടുണ്ട്.