2024ൽ ഏഷ്യയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാമതായി കൊച്ചി
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ്.2024 ൽ ഏഷ്യയില്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാമതായിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കൊച്ചി.
ലോകപ്രശസ്തമായാ ട്രാവല്‍ വെബ്‌സൈറ്റായ കൊണ്ടെ നാസ്റ്റാണ് കൊച്ചിയെ ഈ പട്ടികയില്‍ ഒന്നാമതായി ചേര്‍ത്തിരിക്കുന്നത്. നഗരത്തിന്റെ സുസ്ഥിര വികസന നടപടികള്‍, ത്രസിപ്പിക്കുന്ന ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമെന്ന് വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.
അനേകം നൂറ്റാണ്ടുകളായി വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് കൊച്ചിയിലെ ജലഗതാഗതം, പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം, രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ എന്നിവയെ കുറിച്ചും വെബ്‌സൈറ്റില്‍ പറയുന്നു. ഇവയ്ക്ക് പുറമെ പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കി.മി ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാന്‍ പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അടുത്ത വർഷം ആകുമ്പോഴേക്കും ഇത് പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമെന്നതും എടുത്തുപറയേണ്ടതാണ്. ഇതിനെല്ലാം പുറമെ ചൈനീസ് വലയിലെ മീന്‍ പിടുത്തം, കണ്ടല്‍ക്കാടുകളിലൂടെയുള്ള വഞ്ചിയാത്ര, ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.