സിപിഎം നേതൃയോഗം: കോടിയേരി മാറും; മന്ത്രിസഭാ പുനഃസംഘടന തീരുമാനം ഉണ്ടാകാനിടയില്ല

single-img
28 August 2022

അനാരോഗ്യത്തെ തുടർന്ന് ചികിത്സയിലുള്ള കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറും. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തുകയാണ്. എകെജി സെന്ററിന് മുന്നിലെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യമന്ത്രിയടക്കം എത്തിയതെന്നാണ് വിവരം.

കോടിയേരിക്കു പകരം പിബി അംഗം എ വിജയരാഘവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍,കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍. പിബി അംഗം എംഎ ബേബി എന്നീ പേരുകളാണ് പരിഗണിക്കുന്നത്.

അതേസമയം പാർട്ടി സെക്രട്ടറിയെ മാറ്റുന്നതിന് പുറമേ സമീപകാലത്തെ സർക്കാരിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ആദ്യം ഉയർന്നു മന്ത്രിസഭാ പുനഃസംഘടനയുടെ കാര്യത്തിൽ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് അറിയുന്ന വിവരം. അതുപോലെ ഗവർണറുമായുള്ള തർക്കവും ചർച്ചയാകും. സംസ്ഥാനചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത തരത്തിൽ സർക്കാരുമായി ഗവർണർ ഏറ്റുമുട്ടുന്ന അസാധാരണ സാഹചര്യമാണ്. ദേശീയതലത്തിൽത്തന്നെ ഗൗരവമുള്ള വിഷയമാണിതെന്ന് സി.പി.എം കരുതുന്നു. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം സൃഷ്ടിക്കുന്ന പ്രതിസന്ധിയും ചർച്ചയായേക്കും.