കോടിയേരിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് 3ന് പയ്യാമ്പലത്ത്
കോടിയേരിയുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 3ന് പയ്യാമ്പലം കടല്‍ത്തീരത്ത് നടക്കും. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപവും പണിയുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായി കോടിയേരിക്ക് ചിതയൊരുക്കും. ഇവിടെ സംസ്‌കാരച്ചടങ്ങുകള്‍ക്കായി വലിയ പന്തലുയര്‍ന്നിട്ടുണ്ട്. പയ്യാമ്പലം പാര്‍ക്കിലെ ഓപ്പണ്‍സ്റ്റേജില്‍ അനുശോചനയോഗം ചേരും. അവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരിയുടെ മൃതദേഹം ഞായറാഴ്ച ഒരുമണിയോടെയാണ് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, മന്ത്രിമാർ, കോൺഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എൽ.എ. എന്നിവരടക്കം നേതാക്കളും പ്രവർത്തകരും വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി.
ടൗൺ ഹാൾ മുറ്റത്ത് ഐജി ടി വിക്രമിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. രാത്രിയോടെ കോടിയേരി ഈങ്ങയിൽപീടികയിലെ വീട്ടിലേക്ക് മൃതദേഹം മാറ്റി. തിങ്കൾ രാവിലെ 10 വരെ വീട്ടിലും 11 മുതൽ രണ്ടുവരെ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതു ദർശനമുണ്ടാകും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവർ പങ്കെടുക്കും. മൂന്നിന് പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.