എല്ലാവരുടെയും പ്രശ്‌ന പരിഹാര സെല്ലായിരുന്നു കോടിയേരി: കെടി ജലീൽ
കോടിയേരിയുടെ വിയോഗം അദ്ദേഹത്തെ പരിചയപ്പെട്ടവരിലെല്ലാം ദു:ഖവും നഷ്ടബോധവും ഉണ്ടാക്കും. കാരണം എല്ലാവരുടെയും പ്രശ്‌ന പരിഹാര സെല്ലായിരുന്നു കോടിയേരി എന്ന് മുൻ മന്ത്രി കെടി ജലീൽ. കോടിയേരിയെ ഞാന്‍ ആദ്യമായി കണ്ടതും പിന്നീടുള്ള രാഷ്ട്രീയവും ജലീൽ വളരെ ഹൃദയ സ്പര്ശിയായി തന്റെ ഫേസ്ബുക്കിൽ കുറിപ്പിലൂടെ പങ്കുവെച്ചു.
നാല് യു.ഡി.എഫ് നേതാക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളിലായി കോടിയേരിയെ കാണേണ്ടി വന്നത് മറക്കാനാവില്ല എന്ന് ജലീൽ പറയുന്നു. അനുകൂലമായും പ്രതികൂലമായും തീരുമാനങ്ങള്‍ എടുക്കാവുന്ന വിഷയങ്ങള്‍. പ്രദേശികമായി ചില എതിര്‍പ്പുകളും അവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു.
ഫയലില്‍ അനുകൂല തീര്‍പ്പുണ്ടാക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. എന്തു ചെയ്യും. ഞാനാകെ കുഴങ്ങി. ശങ്കിച്ച് ശങ്കിച്ച് പ്രശ്‌നം മുഖ്യമന്ത്രിയെ ആദ്യം ധരിപ്പിച്ചു. അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല. ‘ബാലകൃഷ്ണനെ കണ്ട് കാര്യം സംസാരിക്കാന്‍’ നിര്‍ദ്ദേശിച്ചു. കോടിയേരിയെ പാര്‍ട്ടി ഓഫീസിലെത്തി കണ്ട് വിശദമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി തീരുമാനം അനുകൂലമായിക്കിട്ടി. നാലു കേസുകളിലും ബന്ധപ്പെട്ടവര്‍ക്ക് ഗുണകരമാം വിധം തീരുമാനങ്ങള്‍ കൈകൊണ്ടു എന്ന് അദ്ദേഹം പറയുന്നു.
കമ്യുണിസ്റ്റ് പാര്‍ട്ടിയോട് അകലം പാലിച്ച് കഴിഞ്ഞിരുന്ന പ്രാക്ടീസിംഗ് മുസ്ലിങ്ങളെയും ക്രൈസ്തവരെയും ഹൈന്ദവരെയും പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാന്‍ ഇരുവരുടെയും അകളങ്കമായ സമീപനങ്ങള്‍ക്ക് സാധിച്ചു. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശക്തമായ പിന്തുണ കോടിയേരിക്ക് നിര്‍ലോഭം ലഭിച്ചതായും ജലീൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:
ഒരു യുഗത്തിന്റെ പേരാണ് ‘കോടിയേരി”
കോടിയേരിയെ ഞാന്‍ ആദ്യമായി കണ്ടത് എന്റെ നാടായ വളാഞ്ചേരിയില്‍ വെച്ചാണ്. ചില കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു എന്നതിന്റെ പേരില്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട കാലം. എങ്ങോട്ടെന്നറിയാതെ അന്തിച്ചു നിന്ന ഘട്ടം. ഒരു വഴിത്തിരിവില്‍ ദിശാസൂചിക തേടുന്ന നാളുകള്‍. അന്നാണ് ആ കൂടിക്കാഴ്ച. കോടിയേരി ബാലകൃഷ്ണന്‍ വളാഞ്ചേരിയില്‍ സി.പി.എം പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതാണ്. പാര്‍ട്ടി നേതാക്കളായ സക്കറിയ്യയും സഹോദരന്‍ സാലിയുമാണ് പരസ്പരം കാണാനും സംസാരിക്കാനും കളമൊരുക്കിയത്. സഖാവ് വെസ്റ്റേണ്‍ പ്രഭാകരന്റെ വീടായിരുന്നു വേദി.
ഉച്ചഭക്ഷണം കഴിഞ്ഞ് കോടിയേരി വിശ്രമിക്കുകയാണ്. ഞാനെത്തിയ വിവരമറിഞ്ഞ് ഉറക്കം പാതിയില്‍ അവസാനിപ്പിച്ച് പുഞ്ചിരിതൂകി ഓഫീസ് റൂമിലേക്ക് അദ്ദേഹം കടന്നുവന്നു. എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ സുഖവിവരങ്ങള്‍ ആരാഞ്ഞു. പിന്നെ കൂടെയുണ്ടായിരുന്ന സഖാക്കള്‍ പതിയെ പിന്‍വലിഞ്ഞു. പ്രഭാകരന്‍ ശബ്ദമുണ്ടാക്കാതെ വന്ന് വാതിലടച്ചു. കോടിയേരി മനസ്സ് തുറന്നു. ‘നമുക്ക് സഹകരിച്ച് പ്രവര്‍ത്തിക്കണം. ജലീല്‍ ഒറ്റപ്പെടില്ല. പാര്‍ട്ടി കൂടെയുണ്ടാകും’ കോടിയേരിയുടെ വാക്കുകള്‍ പകര്‍ന്ന ഊര്‍ജ്ജം സീമാതീതമായിരുന്നു.
അന്ന് തുടങ്ങിയ ഊഷ്മള ബന്ധം അവസാനം വരെ നിലനിന്നു. മദിരാശി അപ്പോളോ ആശുപത്രിയിലേക്ക് പോകുന്നതിന്റെ ദിവസങ്ങള്‍ക്ക് മുമ്പാണ് അവസാനമായി കണ്ടത്. തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ ചെന്ന് കാണുമ്പോഴൊക്കെ സഹധര്‍മ്മിണിയോട് തലശ്ശേരി പലഹാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം വിളിച്ചു പറയും. ഉടന്‍ ചായയും പലഹാരവുമായി ഭാര്യ എത്തും. വീട്ടുവിശേഷങ്ങള്‍ ചോദിക്കും. ചികില്‍സയില്‍ കഴിയവെ മകന്‍ ബിനീഷുമായി ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.
നേരില്‍ കാണാന്‍ വരുന്നുണ്ടെന്നറിയിച്ചു. ഒക്ടോബര്‍ മൂന്നിന്ന് വൈകുന്നേരത്തെ മദ്രാസ് മെയിലിന് ടിക്കറ്റും ബുക്ക് ചെയ്തു. അതുവരെ പക്ഷെ, കോടിയേരി കാത്തുനിന്നില്ല. ദേഹി വിടപറഞ്ഞ അദ്ദേഹത്തിന്റെ ചലനറ്റ ദേഹം തന്റെ കര്‍മ്മഭൂമിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവന്നു. ലക്ഷങ്ങളില്‍ ഒരാളായി അവസാനമായി ഞാനും ആ മുഖം ഒരുനോക്കു കണ്ടു.
കുറ്റിപ്പുറത്തെ തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് തലസ്ഥാനത്തെത്തി ആദ്യം പോയത് എ.കെ.ജി സെന്ററിലേക്കാണ്. നേരെപ്പോയി പാര്‍ട്ടി സെക്രട്ടറി പിണറായിയെ കണ്ടു. പിന്നെക്കണ്ടത് കോടിയേരിയെ. എന്നെ കണ്ടപാടെ ‘ഗംഭീരമാക്കിയല്ലോ’ എന്ന മുഖവുരയോടെ കവിള്‍ നിറഞ്ഞ ചിരിയുമായി ഹസ്തദാനം നല്‍കി സ്വീകരിച്ചിരുത്തി. തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കിട്ടു. മണ്ഡലം നന്നായി ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന്റെ പിന്തുണവേണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ സഹകരണവും അദ്ദേഹം ഉറപ്പു നല്‍കി.
കുറ്റിപ്പുറത്ത് ഒരു ടൂറിസം പദ്ധതി വേണം. സ്ഥലം ചികഞ്ഞപ്പോള്‍ ഭാരതപ്പുഴയോരത്തെ ചവോക്ക് മരങ്ങള്‍ നിറഞ്ഞ പുഴനമ്പ്രം കൂരിയാല്‍ കടവാണ് മനസ്സിലെത്തിയത്. ഒരുപാട് കടമ്പകള്‍ കടക്കണം. ടൂറിസത്തിന്റെ ചുമതലയുള്ള കോടിയേരിയെ ഓഫീസില്‍ പോയി കണ്ടു. എന്റെ പ്രപ്പോസല്‍ നോക്കി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ വിളിച്ചു. ‘ഇത് നടത്തിക്കൊടുക്കണം’ എന്നു പറഞ്ഞ് മെമ്മോറാണ്ടം രവിയെ ഏല്‍പ്പിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കുറ്റിപ്പുറം നിളയോരം പാര്‍ക്കിന്റെ ശിലാസ്ഥാപനത്തിന് കോടിയേരിയെത്തി. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കി പുഴയോര ഉദ്യാനം നാടിന് സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കോടിയേരി വാക്കു പാലിച്ചു. കുറ്റിപ്പുറം ‘നിളയോരം’ രണ്ട് വര്‍ഷത്തിനുള്ളില്‍ ഉല്‍ഘാടനത്തിന് സജ്ജമായി. അസാദ്ധ്യമെന്ന് കരുതിയ പദ്ധതി യാഥാര്‍ത്ഥ്യമായി. ഉല്‍സവഛായയില്‍ പുഴയോര ഉദ്യാനം ജനങ്ങള്‍ക്കായി അദ്ദേഹം തുറന്നു കൊടുത്തു.
തിരുനാവായ ക്ഷേത്രത്തോടനുബന്ധിച്ച് ബലിദര്‍പ്പണക്കടവും വിശ്രമ കേന്ദ്രവും വേണമെന്ന അപേക്ഷയുമായി വീണ്ടുമൊരിക്കല്‍ കോടിയേരിയെ സമീപിച്ചു. തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പടുത്തി പ്രസ്തുത പ്രൊജക്ട് ചെയ്യാന്‍ അദ്ദേഹം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതും യാഥാര്‍ത്ഥ്യമായി. അതിന്റെ ഉല്‍ഘാടനത്തിനും കോടിയേരി വന്നു. പതിറ്റാണ്ടുകള്‍ അവഗണിക്കപ്പെട്ടു കിടന്ന മാമാങ്ക സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ടൂറിസം ഫണ്ടുവേണം എന്ന ആവശ്യവുമായി മൂന്നാമതും കോടിയേരിയുടെ മുന്നിലെത്തി. എന്റെ പ്രപ്പോസല്‍ വായിച്ച് നോക്കിയ അദ്ദേഹം പരിശോധിച്ച് നടപ്പിലാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് നോട്ടെഴുതി.
അങ്ങിനെ നിലപാടു തറയും മണിക്കിണറും മരുന്നറയും ചങ്ങമ്പള്ളി കളരിയും നാവാമുകുന്ദ ക്ഷേത്ര വളപ്പിലെ സ്മാരകവും ലക്ഷങ്ങള്‍ ചെലവിട്ട് സംരക്ഷിച്ചു.
കുറ്റിപ്പുറം-തിരുര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് കിടക്കുകയായിരുന്നു. ടൂറിസം കണക്റ്റിവിറ്റി റോഡുകള്‍ക്ക് വിനോദ സഞ്ചാര വകുപ്പ് പണം നല്‍കുന്നുണ്ടെന്ന് കേട്ടു. ഉടന്‍ വിശദമായ കത്ത് തയ്യാറാക്കി കോടിയേരിയെ സമീപിച്ചു. തുഞ്ചന്‍ പറമ്പിനെയും മാമാങ്ക സ്മാരകങ്ങളെയും നിളയോരം പാര്‍ക്കിനെയും ബന്ധിപ്പിക്കുന്ന തിരൂര്‍-കുറ്റിപ്പുറം റോഡ് റബറൈസ് ചെയ്യാനുള്ള തുക അനുവദിച്ച് കോടിയേരി കുറ്റിപ്പുറം മണ്ഡലക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
2016 ല്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായ കാലയളവിലും നിരന്തരം കോടിയേരിയെ കാണേണ്ടി വന്നു. നയപരമായ തീരുമാനമെടുക്കേണ്ട കാര്യങ്ങളില്‍ കാലതാമസം കൂടാതെ അദ്ദേഹം പാര്‍ട്ടി കമ്മിറ്റിയുടെ അനുമതി വാങ്ങിത്തന്നു. നാല് യു.ഡി.എഫ് നേതാക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളിലായി കോടിയേരിയെ കാണേണ്ടി വന്നത് മറക്കാനാവില്ല. അനുകൂലമായും പ്രതികൂലമായും തീരുമാനങ്ങള്‍ എടുക്കാവുന്ന വിഷയങ്ങള്‍. പ്രദേശികമായി ചില എതിര്‍പ്പുകളും അവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. ഫയലില്‍ അനുകൂല തീര്‍പ്പുണ്ടാക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്. എന്തു ചെയ്യും. ഞാനാകെ കുഴങ്ങി. ശങ്കിച്ച് ശങ്കിച്ച് പ്രശ്‌നം മുഖ്യമന്ത്രിയെ ആദ്യം ധരിപ്പിച്ചു. അദ്ദേഹം എതിര്‍പ്പൊന്നും പറഞ്ഞില്ല.
‘ബാലകൃഷ്ണനെ കണ്ട് കാര്യം സംസാരിക്കാന്‍’ നിര്‍ദ്ദേശിച്ചു. കോടിയേരിയെ പാര്‍ട്ടി ഓഫീസിലെത്തി കണ്ട് വിശദമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി തീരുമാനം അനുകൂലമായിക്കിട്ടി. നാലു കേസുകളിലും ബന്ധപ്പെട്ടവര്‍ക്ക് ഗുണകരമാം വിധം തീരുമാനങ്ങള്‍ കൈകൊണ്ടു. പിണറായി-കോടിയേരി അച്ചുതണ്ട് എത്രമേല്‍ മനപ്പൊരുത്തമുള്ളതാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ട സന്ദര്‍ഭങ്ങളായിരുന്നു അവ. ഏതു പാര്‍ട്ടിക്കാരനെങ്കിലും അല്‍പമെങ്കിലും മാനുഷികമാണ് പ്രശ്‌നങ്ങളെങ്കില്‍ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഒരിക്കലും പിണറായിയോ കോടിയേരിയോ അതവര്‍ക്ക് നിഷേധിച്ചില്ല.
പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കോടിയേരിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴെല്ലാം അനുകൂലമായേ അദ്ദേഹം പ്രതികരിച്ചിട്ടുള്ളൂ. എല്ലാ മത-സമുദായ വിഭാഗങ്ങളെയും കൂട്ടിപ്പിടിക്കാനുള്ള പിണറായി-കോടിയേരി ടീമിന്റെ നേതൃസിദ്ധി അപാരമാണ്. കമ്യുണിസ്റ്റ് പാര്‍ട്ടിയോട് അകലം പാലിച്ച് കഴിഞ്ഞിരുന്ന പ്രാക്ടീസിംഗ് മുസ്ലിങ്ങളെയും ക്രൈസ്തവരെയും ഹൈന്ദവരെയും പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാന്‍ ഇരുവരുടെയും അകളങ്കമായ സമീപനങ്ങള്‍ക്ക് സാധിച്ചു. അക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശക്തമായ പിന്തുണ കോടിയേരിക്ക് നിര്‍ലോഭം ലഭിച്ചു.
കോടിയേരിയുടെ വിയോഗം അദ്ദേഹത്തെ പരിചയപ്പെട്ടവരിലെല്ലാം ദു:ഖവും നഷ്ടബോധവും ഉണ്ടാക്കും. കാരണം എല്ലാവരുടെയും പ്രശ്‌ന പരിഹാര സെല്ലായിരുന്നു കോടിയേരി. ആ വിടവ് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നികത്തുമെന്നാണ് വാക്കുകള്‍ പൂര്‍ത്തീകരിക്കാനാകാതെ ഇടക്കുവെച്ച് വിങ്ങി നിലച്ച തന്റെ അനുശോചന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആ വാക്കുകളുടെ അര്‍ത്ഥവ്യാപ്തി വിവരണാതീതമാണ്. ആരാണ് കോടിയേരിയെന്ന് ഭാവി തലമുറക്ക് മനസ്സിലാക്കാന്‍ മറ്റെന്തുവേണം?
സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രകാശ് കാരാട്ടും എം.എ ബേബിയും മറ്റു സഹപ്രവര്‍ത്തകരും സഖാവ് കോടിയേരിയുടെ ചേതനയറ്റ മൃതദേഹവും വഹിച്ച് പയ്യമ്പലത്തൊരുക്കിയ ചിതയെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്ന കാഴ്ച അനന്തകാലം ജനഹൃദയങ്ങളില്‍ മായാതെ കിടക്കും. സഖാവ് കോടിയേരിക്ക് അന്ത്യാജ്ഞലി