പിവി അൻവറിന്‍റെ ഉടമസ്ഥതയിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് കൂടരഞ്ഞി പ‌ഞ്ചായത്ത് ഹൈക്കോടതിയിൽ

single-img
6 February 2024

പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിൽ കക്കാടംപൊയിലിൽ പ്രവർത്തിക്കുന്ന പാർക്കിന് ലൈസൻസ് ഇല്ലെന്ന് കൂടരഞ്ഞി പ‌ഞ്ചായത്ത് ഹൈക്കോടതിയിൽ. ലൈസൻസിനായി അപൂർണമായ അപേക്ഷയാണ് നൽകിയതെന്നും അപേക്ഷയിലെ പിഴവ് തിരുത്താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും കോടതിയെ അറിയിച്ചു.

ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ മറ്റന്നാൾ മറുപടി നൽകാൻ സർക്കാറിന് നിർദ്ദേശം നൽകി. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്ത് കളക്ടർ അടച്ച് പൂട്ടിയ പിവിആർ നാച്വറോ പാർക്ക് ഭാഗികമായി തുറക്കാൻ മുഖ്യമന്ത്രിയ്ക്ക് കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റിയാണ് അനുമതി നൽകിയത്. പിവി അൻവർ എംഎൽഎ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പാർക്ക് തുറക്കണമെങ്കിൽ പ‌ഞ്ചായത്തിന്‍റെ ലൈസൻസും വാങ്ങണം. കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് കോടതിയെ അറിയിച്ചത്. ലൈസൻസിനായി സമർപ്പിച്ച അപേക്ഷ അപൂർണമായിരുന്നു. പാർക്ക് തുറക്കാൻ 7 വകുപ്പുകളുടെ എൻഒസി അടക്കം വെച്ചാണ് അപേക്ഷിക്കേണ്ടത്.

ഇത്തരം രേഖകൾ ഒന്നുമില്ലാതെ സമർപ്പിച്ച അപേക്ഷ തിരുത്തി നൽകാൻ ആവശ്യപ്പെട്ടിട്ടും അത് നൽകിയിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു. ഒരു ലൈസൻസും ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് ചോദിച്ച കോടതി ഇക്കാര്യത്തിൽ സർക്കാർ മറ്റന്നാള്‍ മറുപടി നൽകണമെന്നും വ്യക്തമാക്കി. പാർക്കിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നത് ടിക്കറ്റ് വെച്ചാണെന്നും നിയമം ലംഘിച്ച് പ്രവർത്തിക്കുന്ന ജനപ്രതിനിധിയുടെ ഉടമസ്ഥതയിലുള്ള പാർക്ക് അടച്ച് പൂട്ടണമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

പഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ നേരത്തെ ഹർജിക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നായിരുന്നു ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ കോടതി സർക്കാറിന് നിർദ്ദേശം നൽകിയത്. ഗുരുതരമായ ചട്ടലംഘനമാണ് നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം.