കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു
പ്രശസ്ത കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്നിനെ മരിച്ച നിലയില്‍ കണ്ടെത്തി. ലോകമാകെ ശ്രദ്ധനേടിയ ബോയ് ബാൻഡായ ‘ആസ്ട്രോ’യിലെ അംഗമാണ് ഇരുപത്തിയഞ്ച് വയസുകാരനായ മൂണ്‍ബിന്‍. കഴിഞ്ഞ ദിവസം രാത്രിയോടെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്‍ഗ്നം ഡിസ്ട്രിക്റ്റിലെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കൊറിയന്‍ സമയം 8 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നാലെ മാനേജർ പൊലീസിനെ വിവിരമറിയിച്ചു. ഇത് ഒരു ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയില്‍ മൃതദേഹം എത്തിച്ച് പരിശോധിച്ച ശേഷമാണ് ഗായകന്‍റെ ഏജന്‍സി മരണം വ്യാഴാഴ്ച രാവിലെയോടെ സ്ഥിരീകരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. ബുസാന്‍ നഗരത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന സംഗീത പരിപാടിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു മൂണ്‍ബിന്‍.
ആദ്യമായി 2016ലാണ് മൂണ്‍ബിന്‍ കലാരംഗത്ത് എത്തുന്നത്. പ്രശസ്ത കൊറിയൻ ഡ്രാമയായ ‘ബോയ്സ് ഓവര്‍ ഫ്ളവേഴ്സില്‍’ കിം ബുമ്മിന്റെ കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചായിരുന്നു തുടക്കം. പിന്നീട് ആസ്ട്രോയില്‍ അംഗമായി.അതേസമയം, മൂണ്‍ബിനിന്‍റെ ശവസംസ്‌കാരം സ്വകാര്യമായി നടത്താനാണ് കുടുംബം തീരുമാനിച്ചത് എന്നാണ് വിവരം.