പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുഴുവന്‍ തുകയും 24 മണിക്കൂറിനുള്ളില്‍ തിരികെ വേണമെന്ന് ആവിശ്യപെട്ട് കോഴിക്കോട് കോര്‍പറേഷന്‍
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ നിന്ന് നഷ്ടമായ മുഴുവന്‍ തുകയും 24 മണിക്കൂറിനുള്ളില്‍ തിരികെ വേണമെന്ന് കോഴിക്കോട് കോര്‍പറേഷന്‍.
ഇത് സംബന്ധിച്ച് ഇന്ന് തന്നെ കോര്‍പറേഷന്‍ ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കും. മുഴുവന്‍ ഇടപാടുകളുടെയും വിശദാംശങ്ങളും കോര്‍പറേഷന്‍ തേടും.
അതേസമയം മാനേജര്‍ പിഎ റിജില്‍ കോര്‍പറേഷനില്‍ നിന്ന് തട്ടിയെടുത്ത 12.68 കോടി രൂപയില്‍ 10 കോടി രൂപയും ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിന് ഇറക്കിയെന്ന് പോലീസ് പറയുന്നു. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചു. ബാക്കി തുക വായ്പാ തിരിച്ചടവിനും ഓണ്‍ലൈന്‍ ഗെയിം കളിക്കാനും ഉപയോഗിച്ചുവെന്നുമാണ് കണ്ടെത്തല്‍.
ബാങ്കിന് മുന്നില്‍ ഇന്ന് സിപിഎമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തി. കോഴിക്കോട് കോര്‍പറേഷന്റെ നഷ്ടപ്പെട്ട പണം ഉടന്‍ ബാങ്ക് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍ ഡി എഫിന്റെ പ്രതിഷേധം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മെയില്‍ ശാഖയിലേക്കും തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖയിലേക്കും പ്രതി റിജിന്‍ ജോലി ചെയ്യുന്ന എരഞ്ഞിപ്പാലം ശാഖയിലേക്കുമാണ് എല്‍ ഡി എഫ മാര്‍ച്ച് നടത്തിയത്. മെയിന്‍ ബ്രാഞ്ചിലേക്ക് നടന്ന മാര്‍ച്ച് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്റെ പണം നഷ്ടപ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് യുഡിഎഫിന്റെ പ്രതിഷേധം. രാവിലെ 10.30ന് കോര്‍പറേഷന്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു.