ട്രെയിനിലെ തീവെപ്പ്: അക്രമിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ സ്ഥലപ്പേരുകളുടെ ലിസ്റ്റും, ഹിന്ദിയിലെഴുതിയ കത്തും


ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി. മൊബൈൽ ഫോൺ, ഭക്ഷണ സാധനങ്ങളുടെ കവർ, ബനിയൻ, അരക്കുപ്പിയോളം പെട്രോൾ, കണ്ണട, ഹിന്ദിയിലെഴുതിയ കത്ത്, ചെറിയൊരു കടലാസിൽ ഇംഗ്ലീഷിലെഴുതിയ ചില സ്ഥലപ്പേരുകൾ എന്നിവയൊക്കെയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കിട്ടിയ സ്ഥലത്തിന് തൊട്ടടുത്താണ് ബാഗ് ഉണ്ടായിരുന്നത്.
ബാഗിന് സമീപത്ത് നിന്നും കണ്ടെത്തിയ നോട്ട് പാഡില്‍ ചിറയിന്‍കീഴ്, കഴക്കൂട്ടം, തിരുവനന്തപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലും പലകാര്യങ്ങളും എഴുതിയ നോട്ട് ബുക്ക് നനഞ്ഞതിനാല്‍ എഴുതിയത് പലതും അവ്യക്തമാണ്. റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ച ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഫോണിലൂടെ അക്രമിയിലേക്ക് എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ബാഗിലെ സാധനങ്ങളിൽ നിന്ന് വിരലടയാളമടക്കമെടുക്കാനാണ് ഫോറൻസിക് സംഘം ശ്രമിക്കുന്നത്. ആരാണ് അക്രമിയെന്നോ, എന്താണ് അക്രമിയുടെ ലക്ഷ്യമെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ആസൂത്രിതമായ ആക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ ഭീകരവാദ- മാവോയിസ്റ്റ് ആക്രമ സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്.