മോൺസൻ മാവുങ്കൽ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ


കൊച്ചി: മോൺസൻ മാവുങ്കൽ കേസിൽ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തെ കുറിച്ച് താൻ വിശദമായി പഠിച്ചു വരികയാണ്. കേസിൽ ഒരു തരത്തിലും തനിക്ക് പങ്കില്ല. എങ്ങനെയാണ് കേസിൽ പ്രതിയായത് എന്നതിനെക്കുറിച്ച് നിയമപരമായി പഠിച്ചുവരികയാണെന്നും കെ സുധാകരൻ പറഞ്ഞു.
കോഴിക്കോട് മറ്റൊരു പരിപാടി ഉള്ളതിനാലാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ സാധിക്കാത്തതെന്ന് കെ സുധാകരൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പണം വാങ്ങിയെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും സുധാകരൻ പറഞ്ഞു.
നാളെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് കത്ത് നൽകും. മോൺസൻ മാവുങ്കൽ കേസുമായി തനിക്ക് ബന്ധമില്ല. നേരത്തെയും താൻ ആരോപണം തള്ളിയതാണ്. മോൺസനോടൊപ്പം ആരൊക്കെ നിന്നു? ഒരുപാട് വിഐപികൾ പോയിട്ടുണ്ട്. അവിടെ കണ്ണിന്റെ ചികിത്സയ്ക്ക് ആണ് പോയതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.
മോൺസൺ ക്ഷമ പറഞ്ഞത് കൊണ്ടാണ് വ്യാജ ഡോക്ടറാണെന്ന് അറിഞ്ഞിട്ടും കേസ് നടപടികൾക്ക് പോകാതിരുന്നതെന്ന് കെ സുധാകരൻ പറഞ്ഞു. മോൺസൻ മാവുങ്കലിന് പരാതിക്കാരൻ പണം നൽകുന്നതിന് താൻ സാക്ഷിയല്ല. അവരെ തനിക്ക് അറിയില്ല. നേരിട്ടോ അല്ലാതെയോ അവരുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോൺസൻ എവിടെയും തന്റെ പേര് പറഞ്ഞിട്ടില്ല. അവിടെ പോയ എല്ലാവർക്കും എതിരെ കേസുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചു. നിരവധി പ്രമുഖർ മോൺസന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ താൻ പോയതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
സത്യം ഞങ്ങളുടെ ഭാഗത്താണെന്നും കേസ് കാട്ടി ഭയപ്പെടുത്താമെന്നും മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹം മൂഢസ്വർഗ്ഗത്തിലാണെന്നും സുധാകരൻ ആരോപിച്ചു.