എൽദോസ് കുന്നപ്പിള്ളിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തേക്കും
എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തേക്കും. എല്‍ദോസ് കുന്നപ്പിള്ളിലിനോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെയും എല്‍ദോസ് മറുപടി നല്‍കിയിട്ടില്ല. എൽദോസ് കുന്നപ്പിള്ളിലിന്റെ വിശദീകരണം കേട്ട ശേഷമാകും നടപടി.
എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ നേരത്തെ തന്നെ കുന്നപ്പിള്ളിലിന്റെ വഴിവിട്ട ജീവിതത്തെ പറ്റി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ പരാതി നൽകിയ യുവതിക്ക് പുറമെ മറ്റ് മൂന്ന് സ്ത്രീകൾ കൂടി എംഎൽഎയ്ക്കെതിരെ സമാന ആരോപണങ്ങൾ ജില്ലാ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരും ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കടുത്ത നടപടി ആലോചിക്കുന്നത്.
കൂടാതെ അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയതോടെ കടുത്ത നടപടി എടുത്തു മുഖം രക്ഷിക്കണം എന്നും ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നു. പാർട്ടി ഭാരവാഹിത്വമില്ലാത്ത സാഹചര്യത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യണം എന്നാണ് ഈ നേതാക്കൾ പറയുന്നത്. എൽദോസിനെതിരായ ആരോപണത്തിന്റെ പശ്ചാത്തിലത്തിൽ നേതാക്കൾക്ക് പെരുമാറ്റ ചട്ടം കൊണ്ടുവരുന്നതും വീണ്ടും പാർട്ടി പരിഗണിക്കുന്നുണ്ട്.