രാഷ്ട്രീയ സമരങ്ങൾ; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസുകള്‍ ഏറ്റെടുത്തു നടത്താൻ കെ.പി.സി.സി
രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുകളില്‍ അകപെട്ടവര്‍ക്ക് സഹായം എന്ന് പ്രവർത്തകർക്ക് വാഗ്ദാനവുമായി കെപിസിസിയുടെ . രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ പെട്ടവര്‍ക്കും നിയമസഹായം ഒരുക്കം. കേസുകളില്‍ പെട്ട ബൂത്ത് തലം മുതല്‍ ജില്ലാതലം വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പട്ടിക കെപിസിസിക്ക് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ആണ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകരുടെ കേസുകളാണ് കെപിസിസി ഏറ്റെടുത്തു നടത്തുക. 14 ഡിസിസി അധ്യക്ഷന്‍മാര്‍ക്കും, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു , മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ അധ്യക്ഷന്‍ മാര്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
എത്രയും വേഗം അവരവരുടെ പ്രവര്‍ത്തന പരിധിയില്‍ പെടുന്ന കേസുകളില്‍ പെട്ട പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കെപിസിസിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതിനായി ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാനെയും കെപിസിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെയും ചുമതലപ്പെടുത്തി.
കേസില്‍ പെടുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ല എന്ന ആക്ഷേപം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും സമരപരിപാടികള്‍ കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് കെപിസിസി. കേസുകളുടെ പേരില്‍ പ്രവര്‍ത്തകര്‍ മാറി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. നേരത്തെ പ്രവര്‍ത്തകരുടെ കേസുകള്‍ നടത്താന്‍ പ്രത്യേക സംവിധാനം പാര്‍ട്ടി ഒരുക്കിയിരുന്നു. എന്നാല്‍ അത് വേണ്ട വിധത്തില്‍ പ്രയോജനപ്പെട്ടില്ല എന്നാണ് ആക്ഷേപം.