കെപിസിസിയുടെ ‘സമരാഗ്നി’ക്ക് കാസര്‍കോട് തുടക്കം

single-img
9 February 2024

കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന/ കേന്ദ്ര സർക്കാരിനെതിരെയ പ്രക്ഷോഭത്തിന് കാസര്‍കോട് തുടക്കമായി . വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസിയുടെ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

നമ്മുടെ രാജ്യത്തെ 42 % ചെറുപ്പക്കാരും തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്നും പത്ത് വർഷം കൊണ്ട് കർഷകർക്ക് ശരാശരി ഒരു ലക്ഷം രൂപയുടെ കടബാധ്യത വരുത്തിയെന്നും കെസി വേണുഗോപാല്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആരോപിച്ചു. എന്നിട്ട് ഇപ്പോള്‍ മോദി ഗ്യാരണ്ടി പറയുകയാണ്. പറഞ്ഞ് ഗ്യാരണ്ടികള്‍ എവിടെപ്പോയി?. ഈ തട്ടിപ്പ് ഗ്യാരണ്ടിയിൽ ഇന്ത്യാ രാജ്യം വീഴില്ല എന്ന് മോദി ഓർക്കണം.

എത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ല. ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടി. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയിൽ ന്യായമായ എല്ലാ വിഷയങ്ങളിലും സംസ്ഥാന സർക്കാരുമായി സർക്കാരുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, ധൂർത്ത് നടത്താൻ വേണ്ടി ഇറങ്ങിയാൽ അംഗീകരിക്കില്ല. നരേന്ദ്ര മോദിക്ക് മുന്നിൽ കവാത്ത് മറക്കുന്ന പിണറായി ഗവർണറോട് ഏറ്റ്മുട്ടി ശ്രദ്ധ തിരിക്കുകയാണ്.

പശ്ചിമ ബംഗാൾ മോഡലിലേക്ക് സി പി എമ്മിനെ കൊണ്ടെത്തിക്കാൻ ക്വട്ടേഷൻ എടുത്ത നേതാവാണ് പിണറായി വിജയനെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. നാട് നിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും പിണറായിയുടെ ഏകാധിപത്യത്തിനും നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനും എതിരെയാണ് ഈ യാത്രയെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.