സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയവരുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിച്ച് കെഎസ്ഇബി

single-img
6 July 2024

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടത്തിയ വ്യക്തികളുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിച്ച് കെഎസ്ഇബി. ഓഫീസിൽ അതിക്രമിച്ച് കയറി അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദ്ദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറാണ് അക്രമികളുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവിറക്കിയത്. ആക്രമണം നടത്തിയ അജ്മല്‍, ഷഹദാദ് എന്നിവരുടെ വീടുകളിലെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്. കെഎസ്ഇബി തന്നെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിവരം വെളിപ്പെടുത്തിയത്.

നേരത്തെ ബില്‍ തുക അടയ്ക്കാത്തതിനാൽ തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്ക് എന്ന ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. പിന്നാലെ റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും മര്‍ദ്ദിച്ചു. ഇവർ തിരുവമ്പാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രകോപിതനായി അജ്മല്‍ ശനിയാഴ്ച രാവിലെ കൂട്ടാളി ഷഹദാദുമൊത്ത് കെഎസ്ഇബി ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു.

വനിതാ ജീവനക്കാരെയും പ്രതികള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് എന്‍ജിനീയറും ജീവനക്കാരും മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്ഇബി ആക്രമണത്തിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത്.