കെഎസ്ഇബി ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയി;ഇടുക്കിയിലെ പീരുമേട്ടിൽ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി
ഇടുക്കി: കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയതിനെ തുടർന്ന് ഇടുക്കിയിലെ പീരുമേട്ടിൽ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. ഇത് സംബന്ധിച്ച് വകുപ്പു തല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡറിൻറെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് ജീവനക്കാരുടെ യാത്ര മൂലം മണിക്കൂറുകളോളം ഇരുട്ടിൽ കഴിയേണ്ടി വന്നത്.
ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടിൽ മഴ ശക്തമായിരുന്നു. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് ജയിൽ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പോലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടർന്ന് നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂർ പോയെന്നായിരുന്നു മറുപടി. പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിത സബ് എഞ്ചിനീയറുടെയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജീനിയറുടെയും നേതൃത്വത്തിൽ തകരാർ പരിഹരിക്കാൻ ശ്രമിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ലൈനിലെ തകരാർ കണ്ടെത്താനായില്ല. പതിനഞ്ചിലധികം പേരുടെ കുറവാണ് ഉണ്ടായിരുന്നത്. തുടർന്ന് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
ഉദ്യോഗസഥർ ഇതര സംസ്ഥാനത്തേക്ക് യാത്ര പോയത് ബോർഡിൽ നിന്നു അനുവാദം വാങ്ങാതെയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് പീരുമേട് അസിസ്റ്റൻറെ എക്സിക്യൂട്ടീവ് എൻജിനീയറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.