മന്ത്രി ഗണേഷ് കുമാറുമായി ഭിന്നത; കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു
കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ഈ മാസം 17വരെ അവധിയിൽ പ്രവേശിച്ചു . തന്നെ സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് അവധിയെടുത്തത്. ഈ കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.
പുതിയ ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനില്‍ക്കെയാണ് അവധി. അതേസമയം , വ്യക്തിപരമായ കാരണങ്ങളലാണ് അവധിയെടുക്കുന്നതെന്നാണ് ബിജു പ്രഭാകറിന്‍റെ വിശദീകരണം.
വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അവധി കഴിഞ്ഞ് വീണ്ടും ഓഫീസിലേക്ക് പോകണമെന്നിരിക്കെയാണ് വീണ്ടും അവധിയില്‍ പ്രവേശിച്ചത്. എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം.ഇലക്ട്രിക് ബസ് ലാഭകരമല്ലെന്നും ഇനി വാങ്ങില്ലെന്നുമുള്ള കെബി ഗണേഷ് കുമാറിന്‍റെ പ്രസ്താവനയാണ് വിവാദമായത്.
കെഎസ്ആര്‍ടിസിയിലെ നയപരമായ തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഗണേഷ്കുമാര്‍ ഏകപക്ഷീയമായ ഇടപെടല്‍ നടത്തുന്നുവെന്ന ആരോപണവും ഇതിനുപിന്നാലെ ഉയര്‍ന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തന്നെ ബിജു പ്രഭാകര്‍ സ്ഥാനമൊഴിയുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഇതിനിടെയാണ് സ്ഥാനമൊഴിയാൻ ചീഫ് സെക്രട്ടറിയക്ക് കത്ത് നല്‍കിയത്.