വിനോദ സഞ്ചാരികള്‍ക്കായി കാനനപാതയിലൂടെ വന്യജീവി സഫാരി ഒരുക്കി കെഎസ്‌ആര്‍ടിസി
കല്‍പ്പറ്റ: വിനോദ സഞ്ചാരികള്‍ക്കായി കാനനപാതയിലൂടെ വന്യജീവി സഫാരി ഒരുക്കി കെഎസ്‌ആര്‍ടിസി. വയനാട് ബത്തേരി ഡിപ്പോയില്‍ നിന്നാണ് വൈല്‍ഡ് ലൈഫ് നൈറ്റ് ജംഗിള്‍ സഫാരിക്ക് തുടക്കമായത്.
സംസ്ഥാനത്ത് ആദ്യമായാണ് കെഎസ്‌ആര്‍ടിസി നൈറ്റ് ജംഗിള്‍ സഫാരിക്ക് ഒരുക്കുന്നത്. വയനാട് വന്യജിവി സങ്കേതത്തിലൂടെയാണ് ആനവണ്ടിയുടെ രാത്രി യാത്ര.
സഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവം ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസിയുടെ ലക്ഷ്യം. സഞ്ചാരികളുമായി രാത്രി 8ന് ബത്തേരി ഡിപ്പോയില്‍ നിന്ന് പുറപ്പെടും. മുത്തങ്ങയും വടക്കനാടും ഇരുളവും ഉള്‍പ്പടെ കറങ്ങും. രാത്രി പതിനൊന്നരയോടെ ബസ് ഡിപ്പോയില്‍ തിരിച്ചെത്തും. ആനയും കടുവയും ഇറങ്ങുന്ന കാട്ടിലൂടെ അറുപത് കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുക. ഒരാള്‍ക്ക് 300 രൂപയാണ് ഈ രാത്രിയാത്രയുടെ ടിക്കറ്റ് നിരക്ക്. രാത്രി യാത്രയ്ക്ക് നിയന്ത്രണമില്ലാത്ത, വന്യമൃഗങ്ങളെ ഏറ്റവുമടുത്ത് കാണാനാവുന്ന റൂട്ടിലൂടെയാണ് ജംഗിള്‍ സഫാരി.
ബത്തേരി ഡിപ്പോയിലെ സ്ലീപ്പര്‍ ബസുകളില്‍ മുറി ബുക്ക് ചെയ്യുന്ന സഞ്ചാരികളെയാണ് ആദ്യഘട്ടത്തില്‍ നൈറ്റ് സഫാരിക്ക് കൊണ്ടുപോവുക. പ്രത്യേകം സജ്ജമാക്കിയ രണ്ട് ബസുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.