ശബരിമല: കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍


ശബരിമല സീസണിൽ കെഎസ്ആര്‍ടിസി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ബസുകളില്‍ ഭക്തരായ തീര്‍ത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലായിരുന്നു വിമര്‍ശനം.
മാത്രമല്ല, ശബരിമല സര്‍വീസിന് ഉപയോഗിക്കുന്നതിലേറെയും കാലാവധി പൂര്‍ത്തിയായ പഴയ ബസുകളാണെന്ന പരാതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്തരിൽ നിന്നും കെഎസ്ആര്‍ടിസി അധിക ചാര്‍ജ് വാങ്ങുമ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, തങ്ങൾ ജനങ്ങളെ കുത്തിനിറച്ചു കൊണ്ടുപോകുന്നുവെന്ന ആരോപണം ശരിയല്ലെന്നായിരുന്നു കെഎസ്ആര്‍ടിസി നൽകിയ വിശദീകരണം.
ഒരു വര്‍ഷവും പുതിയ ബസുകള്‍ അനുവദിക്കുമായിരുന്നുവെന്നും ഇത്തവണ പുതിയ ബസുകള്‍ കിട്ടിയില്ലെന്നും കെഎസ്ആര്‍ടിസി ഉന്നതഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. പാര്‍ക്കിങ് കരാറുകാര്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കുന്നില്ലെന്ന് പത്തനംതിട്ട കളക്ടര്‍ വിമര്‍ശിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വീണ്ടും പരിമിതപ്പെടുത്തണമെന്ന് പൊലീസ് മേധാവികള്‍ ആവശ്യപ്പെട്ടു.