നിയമം കാറ്റില്‍ പറത്തി കെഎസ്‌ആര്‍ടിസിയുടെ കല്യാണ യാത്ര


കൊച്ചി: നിയമം കാറ്റില്‍ പറത്തി കെഎസ്‌ആര്‍ടിസിയുടെ കല്യാണ യാത്ര. കോതമംഗലത്തു നിന്ന് അടിമാലിയിലേക്കാണ് ബസിന്റെ റോഡ്, വാഹന നിയമങ്ങള്‍ ലംഘിച്ചുള്ള യാത്ര.
ഈ പറക്കും തളിക’ എന്ന സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ചായിരുന്നു ബസിന്റെ യാത്ര. മാത്രമല്ല ചിത്രത്തിലെ ബസിന്റെ പേരായ താമരാക്ഷന്‍ പിള്ള എന്ന പേരും കെഎസ്‌ആര്‍ടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തില്‍ പതിപ്പിച്ചിരുന്നു.
നിലവില്‍ ഞായറാഴ്ച ദിവസങ്ങളില്‍ കല്യാണ ഓട്ടങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി വാടകയ്ക്ക് നല്‍കാറുണ്ട്. 30 ദിവസം മുന്‍പ് ബസ് ബുക്ക് ചെയ്തത് സംബന്ധിച്ച് നോട്ടീസ് നല്‍കണമെന്നാണ് നിയമം. ബസ് വാടകയ്ക്ക് എടുത്താല്‍ യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്നും നിയമത്തിലുണ്ട്.
കെഎസ്‌ആര്‍ടിസിയില്‍ പരസ്യങ്ങള്‍ പോലും പാടില്ലെന്ന കര്‍ശന ഉത്തരവ് നില്‍ക്കെയാണ് സകല സീമകളും ലംഘിച്ചുള്ള ഇത്തരം നടപടി. വാഴയും തെങ്ങിന്റെ ഓലയും കാടും പടലുമൊക്കെ കുത്തിനിറച്ചായിരുന്നു ‘താമരാക്ഷന്‍ പിള്ള’യുടെ യാത്ര. കോതമംഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് അടിമാലിയിലേക്കാണ് പോകുന്നത്. അതിനിടെ പല സ്ഥലത്തും ബസ് നിര്‍ത്തി ആളുകള്‍ ഇറങ്ങി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷം യാത്ര തുടരുകയായിരുന്നു.