കെ.എസ്.യു സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ല്; സംഘടനാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ക്കെതിരെ കെപിസിസി അന്വേഷണ സമിതി

single-img
27 May 2024

തിരുവനന്തപുരം ജില്ലയിലെ നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ലില്‍ സംഘടനാ നേതൃത്വത്തിന്‍റെ വീഴ്ചകക്കെതിരെ കെപിസിസി അന്വേഷണ സമിതി. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനാകെ നാണക്കേടുണ്ടായ പശ്ചാത്തലത്തില്‍ കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ സംഘടനാ നടപടി ഉറപ്പാണ്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ ഡി.ജെ പാര്‍ട്ടിക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. ഇതിൽ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. നേതാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ കെ.പി.സി.സി അന്വേഷണ കമ്മിഷനെ നിയോഗിച്ചു.

പഴകുളം മധു, എം.എം. നസീര്‍, എ.കെ ശശി എന്നിവരടങ്ങിയ കമ്മിഷനാണ് സംഭവം അന്വേഷിക്കുന്നത്. കൂടുതൽ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടി വേണം. കെപിസിസി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും കെ സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

മൂന്നംഗ സമിതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന് കൈമാറി. കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരനെ ക്ഷണിച്ചില്ല, സംസ്ഥാന ഭാരവാഹികള്‍ തന്നെ തല്ലിന്‍റെ ഭാഗമായി, കൂട്ടത്തല്ല് പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കി, വിശദമായ അന്വേഷണം നടത്തി ഭാരവാഹികള്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി വേണം എന്നിങ്ങനെയാണ് മൂന്നംഗ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം.