ഏത് സൺസ്ക്രീനാണ് ഉപയോഗിക്കുന്നത്; ജോടോ യാത്രയ്ക്കിടെ രാഹുലിനോട് ചോദ്യവുമായി കെഎസ്യു നേതാവ്
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പായതിനാൽ തിങ്കളാഴ്ച രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള ദിനമായിരുന്നു. തെരഞ്ഞെടുപ്പിൽ രാഹുലിനുൾപ്പെടെ വോട്ട് രേഖപ്പെടുത്താൻ കർണാടകയിലെ ബെല്ലാരിയിൽ ഒരുക്കിയ പ്രത്യേക പോളിംഗ് ബൂത്തുകളും സജ്ജീകരിച്ചിരുന്നു.
വോട്ടു ചെയ്ത ശേഷമുള്ള ഇടവേളയിൽ രാഹുലിനോടുള്ള കെ.എസ്.യു നേതാവിൻ്റെ ചോദ്യം വൈറലാവുകയാണ്. യാത്രയിലെ സ്ഥിരം അംഗമായ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിൻ്റെ സംശയമാണ് സൈബർ ഇടങ്ങളിൽ ട്രെൻഡിംഗായി മാറുന്നത്. യാത്രയിൽ രാഹുൽ ഏത് സൺസ്ക്രീനാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു നബീലിന്റെ സംശയം.
ഇതിന് മറുപടിയായി “ഞാൻ സൺസ്ക്രീൻ ഉപയോഗിക്കാറില്ല, ഇത് എൻ്റെ യഥാർത്ഥ നിറമാണ്.” എന്നാണ് രാഹുൽ പറഞ്ഞത് . ഇത്രയധികം പൊരിവെയിലത്ത് നടന്നിട്ടും ഒരു മാറ്റവുമില്ലല്ലോ? നബീൽ വീണ്ടും ചോദിച്ചപ്പോൾ താൻ ക്രീം ഒന്നും ഉപയോഗിക്കാറില്ല എന്ന് തന്നെ രാഹുൽ പറഞ്ഞു.
രാഹുൽ ഇതിനിടെ ടി-ഷർട്ട് അൽപ്പം ഉയർത്തി കൈയ്യിലെ നിറവ്യത്യാസം അദ്ദേഹം കാണിച്ചു. ഇതിനു പിന്നാലെ കൂടുതൽ പേരും ഇതേ സംശയം ഏറ്റു പിടിച്ചു.