സ്വര്‍ണ വായ്പ;ബാങ്ക് വായ്പ തരപ്പെടുത്തിയതോടെ കുടുംബശ്രീ ജനകീയ ഹോട്ടല്‍ വീണ്ടും തുറന്നു


മകളുടെ വിവാഹത്തിനായി പണയം വച്ച മാല തന്നെ വീണ്ടും ഈടായി നല്‍കി ബാങ്ക് വായ്പ തരപ്പെടുത്തിയതോടെ, കുടുംബശ്രീ ജനകീയ ഹോട്ടല്‍ വീണ്ടും തുറന്നു.
ഹോട്ടലിന്റെ സെക്രട്ടറിയായ എസ് ശ്രീദേവിയാണ് മകളുടെ വിവാഹത്തിനായി പണയം വെച്ച മാല തന്നെ വീണ്ടും ഈടായി നല്‍കി വായ്പ തരപ്പെടുത്തിയത്. ഇതോടെ എട്ടു മാസമായി സര്‍ക്കാര്‍ സബ്സിഡി നല്‍കാത്തതിനാല്‍ വൈദ്യുതി ബില്ല് അടയ്ക്കാനും ജോലി ചെയ്യുന്നവര്‍ക്ക് വേതനം നല്‍കാനും കഴിയാതെ പ്രതിസന്ധിയിലായ തിരുവനന്തപുരം എസ്‌എംവി സ്കൂളിന് എതിര്‍വശത്തെ ജനകീയ ഹോട്ടല്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
ശ്രീദേവിക്ക് വായ്പയായി കിട്ടിയ തുക കൊണ്ട് വൈദ്യുതി കുടിശിക അടച്ചതോടെയാണ് കുടുംബശ്രീ ജനകീയ ഹോട്ടല്‍ വീണ്ടും തുറന്നത്.
ഹോട്ടലില്‍ നിന്നു വേതനം ലഭിക്കാതെ വന്നതോടെയാണ് മകളുടെ വിവാഹത്തിനായി തന്റെ അമ്മയുടെ മാല വാങ്ങി ശ്രീദേവി പണയം വച്ചത്. കോര്‍പറേഷനും സര്‍ക്കാരും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് സഹായവുമായി എത്താതിരുന്നതോടെ, ബാങ്കിലിരിക്കുന്ന സ്വര്‍ണത്തിന്മേല്‍ വീണ്ടും 10000 രൂപ കൂടി ശ്രീദേവി ആവശ്യപ്പെടുകയായിരുന്നു.
ജനകീയ ഹോട്ടലിനൊപ്പം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബസാര്‍ വൈദ്യുതി നിരക്കിന്റെ വിഹിതമായ 3200 രൂപ നല്‍കി. അങ്ങനെ ആകെ 13207 രൂപ കുടിശിക അടച്ചതോടെയാണ് കെഎസ്‌ഇബി ഹോട്ടലിന്റെ വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നെങ്കിലും സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുകയും വേതനം ലഭിക്കുകയും ചെയ്താല്‍ എല്ലാ ജീവനക്കാരും കൂടി 10,000 രൂപയും പലിശയും ശ്രീദേവിക്കു തിരികെ നല്‍കാനാണു തീരുമാനമെന്നു പ്രസിഡന്റ് കെ സരോജം പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസം മാത്രം സര്‍ക്കാര്‍ സബ്സിഡി ഇനത്തില്‍ 4 ലക്ഷത്തോളം രൂപയാണ് നല്‍കാനുള്ളത്. 8 മാസത്തെ കുടിശികയായി ആകെ 13 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്നും കുടുംബശ്രീ അംഗങ്ങള്‍ പറയുന്നു.