കുവൈത്ത് തീ പിടുത്തം; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു
കുവൈറ്റിലെ തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ചിലര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഉടൻതന്നെ കുവൈത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ എംബസിക്ക് നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
ഇതോടൊപ്പം തന്നെ അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തില്‍ 40ലേറെ പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. 11 പേര്‍ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീര്‍ ആണ് മരിച്ചത്. മരിച്ച 40 പേരില്‍ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായി.
ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിംഗ്, ഷമീര്‍, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിന്‍ എബ്രഹാം സാബു, അനില്‍ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വര്‍ഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരന്‍ പി.വി , വിശ്വാസ് കൃഷ്ണന്‍, അരുണ്‍ ബാബു, സാജന്‍ ജോര്‍ജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍, ജീസസ് ഒലിവറോസ് ലോപ്‌സ്, ആകാശ് ശശിധരന്‍ നായര്‍, ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ചത്.
മാംഗെഫില്‍ എന്‍ബിടിസി കമ്പനിയുടെ നാലാം നമ്പര്‍ ക്യാമ്പിലാണ് അഗ്‌നിബാധയുണ്ടായത്. പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.