ഐക്യമില്ലായ്മയും പരസ്പര വിരുദ്ധമായ പ്രസ്താവനകളും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു: ഖാർഗെ
ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഈ രീതിയിലാണ് പ്രകടനം മുന്നോട്ടുപോകുന്നതെങ്കില്‍ അത് ഭാവിയില്‍ വെല്ലുവിളിയാകുമെന്നും യോഗം വിലയിരുത്തി.
ഐക്യമില്ലായ്മയും പരസ്പര വിരുദ്ധമായ പ്രസ്താവനകളും തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്നും യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള സന്ദേശമാണ്. താഴെത്തട്ടിലെ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ രണ്ട് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടുവെന്നും യോഗം വിലയിരുത്തി.
സംഘടനാ തലത്തിലെ പോരായ്മകള്‍ തിരുത്തണമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതാക്കളോട് ആവശ്യപ്പെട്ടു. പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ ഒഴിവാക്കണം. കര്‍ശനമായ അച്ചടക്കം പാലിക്കണം. ബ്ലോക്ക് തലം മുതല്‍ എഐസിസി തലം വരെ മാറ്റം കൊണ്ടുവരുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു.
ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഹരിയാനയില്‍ 90 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 36 സീറ്റുകളായിരുന്നു. 48 സീറ്റുകള്‍ നേടി ബിജെപിയാണ് അധികാരം പിടിച്ചത്