പ്രഭാത സവാരിക്ക് പുറത്തിറക്കിയ ആന, ലക്ഷ്മി ചരിഞ്ഞു
30 November 2022
പുതുച്ചേരി: പുതുച്ചേരിയിലെ മണക്കുള വിനയഗര്‍ ക്ഷേത്രത്തിലെ ആന, ലക്ഷ്മി ചരിഞ്ഞു. പ്രഭാത സവാരിക്ക് പുറത്തിറക്കിയ ലക്ഷ്മി തളര്‍ന്ന് വീഴുകയായിരുന്നു.
ബുധനാഴ്ചയാണ് സംഭവം. 1995 ല്‍ അഞ്ചാം വയസ്സിലാണ് ഈ ആനയെ ക്ഷേത്രത്തില്‍ നടക്കിരുത്തിയത്. വളരെ സൗമ്യമായ പെരുമാറ്റമായിരുന്നു ലക്ഷ്മിയുടേത്. അതുകൊണ്ട് തന്നെ ഭക്തര്‍ക്ക് ഏറെ പ്രിയമായിരുന്നു.
പ്രഭാത സവാരിക്കായി പാപ്പാന്‍ പുറത്തിറക്കിയതായിരുന്നു. പെട്ടെന്നാണ് റോഡില്‍ കുഴഞ്ഞ് വീണ് ബോധം നഷ്ടപ്പെട്ടത്. വെറ്ററിനറി ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലക്ഷ്മിയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ് നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഓടിയെത്തിയത്.